അന്നു ഫൈനലിൽ ഇറക്കാതിരുന്നതിനു കോച്ചിനരികിൽ പോയി പൊട്ടിക്കരഞ്ഞു, ഇന്ന് സ്വപ്നം പൂർത്തിയാക്കി ഡി മരിയ
ഏഞ്ചൽ ഡി മരിയ മൈതാനത്തുണ്ടായിരുന്ന സമയത്തും താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത സമയത്തും വ്യത്യസ്തമായാണ് അർജന്റീന കളിച്ചതെന്ന് ലോകകപ്പ് ഫൈനൽ മത്സരം കണ്ട ഏതൊരാൾക്കും മനസിലായ കാര്യമാണ്. ഏഞ്ചൽ ഡി മരിയ കളിച്ചിരുന്നപ്പോൾ ഫ്രഞ്ച് ബോക്സിൽ താരം നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. എംബാപ്പയടക്കമുള്ള താരങ്ങൾക്ക് പിൻവലിഞ്ഞു കളിക്കേണ്ട സാഹചര്യം വന്നതിനാൽ തന്നെ ഫ്രാൻസിന്റെ ആക്രമണങ്ങളും ആ സമയത്ത് കാര്യമായി വന്നിരുന്നില്ല. എന്നാൽ ഡി മരിയയെ പിൻവലിച്ചതോടെ ഫ്രാൻസ് ആക്രമണങ്ങൾ ശക്തമാക്കുകയും മത്സരത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തുകയും ചെയ്തു.
ഈ ലോകകപ്പ് തന്റെ അവസാനത്തേതാകുമെന്ന് ടൂർണമെന്റിന് മുൻപ് തന്നെ ഏഞ്ചൽ ഡി മരിയ പറഞ്ഞിരുന്നു. പുതിയ താരങ്ങൾക്ക് വഴി മാറുന്നതിനു വേണ്ടി അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്നുള്ള സൂചനയും താരം നൽകി. തന്റെ അവസാന ലോകകപ്പിലെ അവസാനത്തെ മത്സരത്തിൽ അർജന്റീന ടീം നേടിയ രണ്ടു ഗോളുകളും പങ്കാളിയായി ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് യുവന്റസ് താരം കളിക്കളം വിട്ടത്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ലയണൽ മെസിയുടെ ലോകകപ്പ് വിജയത്തിലേക്കു തിരിയുമ്പോൾ അതിനൊപ്പം തന്നെ വാഴ്ത്തേണ്ട പേരാണ് ഏഞ്ചൽ ഡി മരിയയുടേത്.
Quite moving piece of video as Angel Di Maria breaks down in tears when Argentina fans chant his name after yesterday’s World Cup win. Cinematic in both its style and Di Maria’s raw emotion. 🇦🇷❤️pic.twitter.com/DraTlzOLEl
— Men in Blazers (@MenInBlazers) December 19, 2022
2014ൽ അർജന്റീന ഫൈനലിൽ എത്തിയ ലോകകപ്പ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഏഞ്ചൽ ഡി മരിയക്ക് പരിക്ക് പറ്റിയിരുന്നു. ഫൈനൽ കളിക്കരുതെന്ന് റയൽ മാഡ്രിഡ് നിർദ്ദേശം നൽകിയിട്ടും അതിനെ ധിക്കരിച്ച് ടീമിനായി ഇറങ്ങാൻ തന്നെയായിരുന്നു ഡി മരിയയുടെ ഉദ്ദേശം. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്ത താരം ഫൈനലിന് തയ്യാറായിരുന്നെങ്കിലും എൻസോ പെരസിനെയാണ് ഡി മരിയക്ക് പകരം പരിശീലകൻ സബല്ല ഇറക്കിയത്. മത്സരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്നെ ഇറക്കുമെന്ന് ഡി മരിയ കരുതിയെങ്കിലും അതുണ്ടായില്ല.
അന്നത്തെ മത്സരത്തിൽ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് ജർമനി ലോകകപ്പ് നേടിയപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പരിശീലകൻ സബല്ലയോട് തന്നെ ഒന്നിറക്കി നോക്കാമായിരുന്നില്ലേ എന്നു ഡി മരിയ ചോദിച്ചത്. കളിക്കളത്തിൽ തന്റെ മുഴുവൻ ആത്മാർത്ഥതയും കാണിക്കുന്ന ഡി മരിയ ആ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അന്നു തന്നെ അർജന്റീനക്ക് കിരീടം സ്വന്തമാക്കിയേനെ. അതുപോലൊരു പരിക്ക് ഈ ലോകകപ്പിന്റെ നോക്ക്ഔട്ട് ഘട്ടത്തിലും നേരിടേണ്ടി വന്നെങ്കിലും ഫൈനലിൽ ഇറങ്ങിയ ഡി മരിയ ആ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമായാണ് കളിക്കളം വിട്ടത്.
Ángel Di María is an all time great. pic.twitter.com/iFeaQf3AVL
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 19, 2022
2014 ലോകകപ്പിൽ ഇറങ്ങിയ താരങ്ങളിൽ ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും മാത്രമാണ് ഈ ലോകകപ്പിനുള്ള അർജന്റീന ടീമിൽ ഉണ്ടായിരുന്നത്. മറ്റെല്ലാ താരങ്ങളും ഓരോ ഘട്ടത്തിൽ കൊഴിഞ്ഞു പോയിട്ടും മെസിക്കൊപ്പം നിൽക്കാനും താരത്തിന് ലോകകപ്പ് നേടിക്കൊടുക്കാനും തന്റെ സ്വപ്നം സാക്ഷാത്കരിക്കാനും ഡി മരിയക്ക് കഴിഞ്ഞു. കാരണം 2014ൽ തനിക്ക് നഷ്ടമായത് എന്താണെന്ന് ഡി മരിയക്ക് അറിയാമായിരുന്നു. പരിക്കു വെച്ചും അന്ന് ടീമിനെ സഹായിക്കാൻ ഡി മരിയ തയ്യാറായിരുന്നെങ്കിലും പരിശീലകന്റെ നിർബന്ധം കാരണം ബെഞ്ചിലിരിക്കേണ്ടി വന്ന താരം ഈ ലോകകപ്പ് കിരീടം നേടിയത് കാലത്തിന്റെ കാവ്യനീതി തന്നെയാണ്.