ലോകകപ്പ് എവിടെ? ക്ലബിൽ തിരിച്ചെത്തിയ ബ്രസീൽ താരത്തെ കളിയാക്കി അർജന്റീന താരം
ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന മുപ്പത്തിയാറ് വർഷത്തിനു ശേഷമാണ് ലോകകിരീടത്തിൽ മുത്തമിടുന്നത്. ഇരുപതു വർഷത്തിനു ശേഷം ആദ്യമായി ലോകകപ്പ് നേടുന്ന ലാറ്റിനമേരിക്കൻ ടീമും അവർ തന്നെയാണ്. 2002ൽ ബ്രസീലാണ് ഇതിനു മുൻപ് ലോകകപ്പ് നേടിയ സൗത്ത് അമേരിക്കൻ ടീം. അതേസമയം ഈ ലോകകപ്പിൽ ബ്രസീലിനു നിരാശയായിരുന്നു ഫലം. മികച്ച സ്ക്വാഡുമായി ഇറങ്ങിയ അവർ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയാണ് ടൂർണമെന്റിൽ നിന്നും പുറത്തു പോയത്. ബ്രസീലിനെ തോൽപ്പിച്ച ക്രൊയേഷ്യയെ സെമി ഫൈനലിൽ കീഴടക്കിയാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്.
ലോകകപ്പിൽ നിന്നും പുറത്തായതിൽ ബ്രസീൽ മധ്യനിര താരമായ ലൂകാസ് പക്വറ്റയെ അർജന്റീന താരം മാനുവൽ ലാൻസിനി കളിയാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടു പേരും പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പ്രീമിയർ ലീഗ് മത്സരത്തിനായി തയ്യാറെടുക്കുന്ന താരങ്ങളുടെ ഡ്രസിങ് റൂമിൽ നിന്നുമുള്ള ദൃശ്യങ്ങൾ മാനുവൽ ലാൻസിനി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്.
Argentinian Hammer Manual Lanzini mocking Lucas Paquetá in the West Ham dressing room: “Where is the World Cup?”
Lucas Paquetá replies: “Take your third, we have five". pic.twitter.com/Q9zcNSKFW6
— West Ham Football (@westhamfootball) December 24, 2022
വീഡിയോ ദൃശ്യം ഓൺ ചെയ്ത് ലൂക്കാസ് പക്വറ്റയെ ഫോക്കസ് ചെയ്യുന്ന ലാൻസിനി “ഹേയ് ലൂക്കാസ്, ലോകകപ്പ് ട്രോഫി എവിടെ” എന്നു ചോദിക്കുന്നുണ്ട്. അപ്പോൾ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ ട്രോഫി നൽകി “ഇതാ നിങ്ങളുടെ മൂന്നാമത്തെ ട്രോഫി പിടിച്ചോ, ഞങ്ങൾക്ക് അഞ്ചു കിരീടങ്ങളുണ്ട്” എന്ന മറുപടിയാണ് ലൂക്കാസ് പക്വറ്റ നൽകുന്നത്. രണ്ടു പേരും തമാശയായി തന്നെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്.
ലൂകാസ് പക്വറ്റ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ അംഗമായിരുന്നു. ടൂർണമെന്റിൽ ബ്രസീൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും താരം ഇറങ്ങുകയും ചെയ്തു. ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും നോക്ക്ഔട്ട് മത്സരങ്ങളിൽ സൗത്ത് കൊറിയക്കെതിരെ ഒരു ഗോളും ക്രൊയേഷ്യക്കെതിരെ ഒരു അസിസ്റ്റും താരം സ്വന്തമാക്കി. അതേസമയം മുൻപ് അർജന്റീന ടീമിന്റെ ഭാഗമായിരുന്ന ലാൻസിനിക്ക് ഒരു പരിക്കു മൂലം ദീർഘകാലം പുറത്തായതിനു ശേഷം പിന്നീട് ടീമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല.
Lanzini joking to Paqueta 😂
“Is the cup there?” pic.twitter.com/TSs9ItrtaU
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 23, 2022
നാളെ രാത്രി 1.30നാണ് വെസ്റ്റ് ഹാം പ്രീമിയർ ലീഗ് മത്സരത്തിനായി കളത്തിലിറങ്ങുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലാണ് എതിരാളികൾ. ഈ സീസണിൽ മോശം ഫോമിലാണ് വെസ്റ്റ്ഹാം കളിക്കുന്നത്. പതിനഞ്ചു മത്സരങ്ങളിൽ നിന്നും പതിനാലു പോയിന്റ് മാത്രമുള്ള അവർ ലീഗിൽ പതിനാറാം സ്ഥാനത്താണ് നിൽക്കുന്നത്.