വായടച്ച് കളിക്കളത്തിൽ മികച്ച പ്രകടനം നടത്തൂ, എംബാപ്പെയെ രൂക്ഷമായി വിമർശിച്ച് മുൻ ഫ്രഞ്ച് താരം | Kylian Mbappe
കഴിഞ്ഞ ദിവസം തന്റെ ക്ലബായ പിഎസ്ജിക്കെതിരെ പരസ്യമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ രംഗത്തു വന്നിരുന്നു. സീസൺ ടിക്കറ്റുകളുടെ പ്രമോഷനു വേണ്ടി പിഎസ്ജി പുറത്തിറക്കിയ വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ചുവെന്നതാണ് എംബാപ്പയെ ചൊടിപ്പിച്ചത്. വീഡിയോയുടെ ഉള്ളടക്കം തന്നോട് പറഞ്ഞില്ലെന്നും പിഎസ്ജിയെന്നാൽ കിലിയൻ സെയിന്റ് ജർമൻ എന്നല്ലെന്നും താരം ഇൻസ്റ്റാഗ്രാമിൽ ക്ലബിനെതിരെ നടത്തിയ വിമർശനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം എംബാപ്പെ ക്ലബിനെതിരെ നടത്തിയ വിമർശനം അത്ര നല്ല രീതിയിലല്ല ഫ്രാൻസിൽ സ്വീകരിക്കപ്പെടുന്നത്. ഇതിനെതിരെ വിമർശനവുമായി ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയിട്ടുള്ള താരമായ ക്രിസ്റ്റഫെ ഡുഗറി രംഗത്തു വരികയുണ്ടായി. ഇതുപോലെയൊരു കാര്യത്തിന് ക്ലബിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുക എന്ന വഴി എംബാപ്പെ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന് മനസിലാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Christophe Dugarry on Kylian Mbappe's statement yesterday:
— Football España (@footballespana_) April 7, 2023
"The club should have warned him, okay, but do you think a message on social networks is worth it? You can call your board and solve it internally."
"It's clumsy, not elegant." pic.twitter.com/HNBwm9pjqG
“എംബാപ്പെക്ക് ക്ലബ് മുന്നറിയിപ്പ് നൽകിയിരിക്കണമെന്നത് ശരി തന്നെ, പക്ഷെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാൻ മാത്രമുള്ള പ്രശ്നം ഇതിലുണ്ടോ, ബോർഡിനെ നേരിട്ടു വിളിച്ച് ആഭ്യന്തരമായി പരിഹരിക്കാൻ കഴിയുന്ന ഒരു വിഷയമായിരുന്നു ഇത്. താരം നൽകിയ സന്ദേശം എന്താണെന്നു തന്നെ എനിക്ക് മനസിലായില്ല. എല്ലാ അഹംഭാവവും ഒന്ന് നിർത്തൂ. അവർ ഒന്നിന് പിറകെ ഒന്നായി മത്സരങ്ങൾ തോറ്റു കൊണ്ടിരിക്കുകയാണ്.”
“മൈതാനത്ത് കളിച്ച് നിങ്ങളുടെ മൂല്യം തെളിയിക്കൂ, അത്രയും ഉയർന്ന പ്രതിഫലമാണ് നിങ്ങൾ വാങ്ങുന്നത്. നിങ്ങൾ ഒരു പരസ്യത്തിന് അപ്പ്രൂവൽ നൽകാത്തതിന്റെ പേരിൽ നിങ്ങൾ ബോർഡിനെതിരെ തിരിയേണ്ട കാര്യമില്ല, ആരാണിതൊക്കെ ശ്രദ്ധിക്കാൻ പോകുന്നത്. ലോകം മുഴുവൻ അറിയുന്ന തരത്തിൽ ഒരു സന്ദേശം നൽകുന്നതിന് പകരം ബോർഡിനോട് സംസാരിച്ച് അത് തീർക്കുകയായിരുന്നു വേണ്ടത്, ഇത് വളരെ മോശമായി പോയി.” അദ്ദേഹം പറഞ്ഞു.
എംബാപ്പെയുടെ പരസ്യമായ പ്രതികരണത്തിൽ പിഎസ്ജി നേതൃത്വവും അത്ര സുഖത്തിലല്ലെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും വീഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കാൻ ക്ലബ് നേതൃത്വം നീക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം എംബാപ്പയുടെ ഈ പ്രതികരണം ഫ്രഞ്ച് ക്ലബിൽ താരം അത്ര തൃപ്തനല്ലെന്ന സൂചന കൂടിയാണ് നൽകുന്നത്.
Content Highlights: Ex French Star Christophe Dugarry Slams Kylian Mbappe