“നൂറു വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസം”- മുട്ടുകുത്തിച്ച ഡിഫൻഡർ മെസിയെ പ്രശംസിക്കുന്നു
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫെൻഡറായി ഏവരും വാഴ്ത്തിയ താരമായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ. സെമി ഫൈനൽ വരെയെത്തിയ ക്രൊയേഷ്യൻ ടീമിന്റെ പ്രകടനത്തിൽ താരം വലിയ പങ്കാണ് വഹിച്ചത്. എന്നാൽ ലയണൽ മെസിക്കെതിരെ കളിച്ചതോടെ വലിയ തോതിൽ ട്രോളുകൾക്ക് താരം ഇരയായി. സെമി ഫൈനലിൽ അർജന്റീന നേടിയ മൂന്നാം ഗോളിനായി താരത്തെ വീണ്ടും വീണ്ടും നിഷ്പ്രഭമാക്കുന്ന നീക്കങ്ങളാണ് ലയണൽ മെസി നടത്തിയത്.
എന്നാൽ ലയണൽ മെസിക്ക് മുന്നിൽ മുട്ടുകുത്തേണ്ടി വന്നതിന്റെ യാതൊരു നിരാശയും ഇരുപതുകാരനായ ലീപ്സിഗ് താരത്തിനില്ല. മറിച്ച് അർജന്റീന താരത്തെ പ്രശംസ കൊണ്ടു മൂടകയാണ് ഗ്വാർഡിയോൾ ചെയ്തത്. ഫുട്ബോൾ താരങ്ങൾക്ക്, പ്രത്യേകിച്ചും പ്രതിരോധതാരങ്ങൾക്ക് പിഴവുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അതിൽ നിന്നുമാണ് അവർ കൂടുതൽ മനസിലാക്കുന്നതെന്നും പറഞ്ഞ താരം ലയണൽ മെസിയെ നൂറു വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന പ്രതിഭാസമെന്നും മുൻപ് വിശേഷിപ്പിച്ചിട്ടുണ്ട്.
Joško Gvardiol in 2021 when asked who is his childhood football idol: "Messi. I think he is something that happens once in 100 years." (Podcast Inkubator) pic.twitter.com/qDoQU5PReo
— EuroFoot (@eurofootcom) December 14, 2022
ലയണൽ മെസിക്കെതിരെ ക്ലബ് തലത്തിൽ മുൻപ് കളിച്ചിട്ടുള്ള താരമാണ് ഗ്വാർഡിയോൾ. 2021ലാണ് താരം മെസിയെ പ്രശംസിച്ചത്. “മെസി, നൂറു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് അദ്ദേഹം” എന്നാണു ഗ്വാർഡിയോൾ പറഞ്ഞത്. താരം അർജന്റീന നായകൻറെ ആരാധകൻ തന്നെയാണെന്ന് ഇതു വ്യക്തമാക്കുന്നു. ഇതിനു പുറമെ മെസിയെ ലോകകപ്പിൽ നേരിട്ടതിന്റെ അനുഭവവും താരം വെളിപ്പെടുത്തി.
“പിഴവുകൾ പറ്റാത്ത കളിക്കാരില്ല, പ്രതിരോധത്തിൽ പ്രത്യേകിച്ചും. കായികലോകത്ത് പിഴവുകൾ സ്വാഭാവികമായ ഒന്നാണ്. അത് കുറച്ചു കൊണ്ട് വരാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ മെസിക്കെതിരെ മുൻപ് കളിച്ചിട്ടുണ്ട്. എന്നാൽ അർജന്റീന ടീമിനൊപ്പം കളിക്കുന്ന ലയണൽ മെസി വളരെയധികം വ്യത്യസ്തനാണ്.” ഗ്വാർഡിയോൾ ലോകകപ്പിൽ മെസിക്കെതിരെ കളിച്ചതിനെക്കുറിച്ച് പറഞ്ഞു.