ആ ഫ്ളെക്സുകൾ അവിടെ നിന്നും വലിച്ചെറിയുമെന്ന് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന, മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്
പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ സ്ഥാപിച്ച ഫ്ളെക്സുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു. ആ ഫ്ളക്സുകൾ പ്രകൃതിക്ക് കോട്ടം വരുത്തുന്നതാണെന്നും അതവിടെ നിന്നും വലിച്ചെറിയുമെന്നും അതിനെ സംബന്ധിച്ച് പരാതി നൽകിയ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി കുറിച്ചപ്പോൾ അതവിടെ നിന്നും മാറ്റാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് വ്യക്തമാക്കി.
ലോകകപ്പുമായി ബന്ധപ്പെട്ട് അർജന്റീന, ബ്രസീൽ ആരാധകർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ആഗോളതലത്തിൽ തന്നെ വൈറലായി മാറിയിരുന്നു. ഇതിന്റെ സന്തോഷത്തിൽ ഓരോ ഫുട്ബോൾ പ്രേമിയും നിൽക്കെയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന ഇതിനെതിരെ പരാതി നൽകിയത്. ഇന്നലെ ചാത്തമംഗലം പഞ്ചായത്ത് ഫ്ളെക്സുകൾ എടുത്തു മാറ്റണമെന്ന നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നു.
എന്നാൽ ഫ്ളെക്സുകൾ മാറ്റാനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പുഴ കൊടുവള്ളി നഗരസഭയിലാണെന്നും അതുമായി ബന്ധപ്പെട്ടു പരാതി വന്നപ്പോൾ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കട്ടൗട്ട് നീക്കം ചെയ്യാനുള്ള യാതൊരു വിധ നിർദ്ദേശവും നൽകിയിട്ടില്ല എന്നാണു അദ്ദേഹം തറപ്പിച്ചു പറയുന്നത്.
അതേസമയം ഫ്ളെക്സുകൾ അവിടെ നിന്നും മാറ്റാൻ ഏതു വഴിക്കും ശ്രമിക്കുമെന്ന നിലപാടാണ് ഇതേക്കുറിച്ച് പരാതി നൽകിയ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനക്കുള്ളത്. കരിമണൽ ഖനനം അടക്കമുള്ള പ്രകൃതിസംബന്ധമായ പ്രശ്നങ്ങളിൽ താൻ എടുത്ത നിലപാടുകൾ അംഗീകരിക്കപ്പെട്ടത് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. കടുത്ത വിമർശനമാണ് ഫുട്ബോൾ ആരാധകർ വക്കീലിനെതിരെ ഉയർത്തുന്നത്.