മെസിയോട് രഹസ്യമായി പറഞ്ഞതെന്ത്, ഒടുവിൽ വെളിപ്പെടുത്തി ലെവൻഡോസ്കി
അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ലോകകപ്പ് ഗ്രൂപ്പിലെ അവസാന റൌണ്ട് മത്സരത്തിനു ശേഷം എല്ലാവരും ശ്രദ്ധിച്ച കാര്യമായിരുന്നു മെസിയും റോബർട്ട് ലെവൻഡോസ്കിയും തമ്മിൽ നടന്ന സംഭാഷണം. മത്സരത്തിനിടെ മെസിയെ ഫൗൾ ചെയ്ത ലെവൻഡോസ്കി അതിനു ശേഷം താരത്തിന് കൈ കൊടുക്കാൻ പോയെങ്കിലും മെസിയത് സ്വീകരിച്ചില്ല. അതിനാൽ തന്നെ താരങ്ങൾ തമ്മിൽ നടന്ന സംഭാഷണം എന്താണെന്ന് മത്സരം കണ്ട ആരാധകർക്കെല്ലാം ആകാക്ഷയുണ്ടായിരുന്നു. ഇപ്പോൾ അതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പോളണ്ട് നായകൻ.
“ഞങ്ങൾ കുറച്ച് സംസാരിച്ചു, രസമായിരുന്നു അത്. ഞാൻ സാധാരണയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചുവെന്നാണ് മെസിയോടു പറഞ്ഞത്. പലപ്പോഴും അത് ടീമിന് ആവശ്യമുള്ള കാര്യവുമാണ്. ഞാൻ ഡിഫെൻസിവ് മിഡ്ഫീൽഡിൽ കളിക്കുന്നത് വളരെ അപൂർവമായ സംഭവമാണ്. പക്ഷെ ടീമിനെ സഹായിക്കണം എന്നെനിക്ക് അറിയാമായിരുന്നു.” മുപ്പത്തിനാലുകാരനായ താരം ജർമൻ മാധ്യമമായ ദി ബിൽഡിനോട് പറഞ്ഞു.
Lionel Messi and Robert Lewandowski shared a moment after the final whistle 🇦🇷🇵🇱 pic.twitter.com/zR8joPJtlJ
— ESPN FC (@ESPNFC) November 30, 2022
പ്രതിരോധത്തിലേക്കു വലിഞ്ഞു കളിച്ചതിനെക്കുറിച്ച് ലെവൻഡോസ്കി പറഞ്ഞത് മത്സരത്തിൽ മെസിക്ക് നേരെ നടത്തിയ ഫൗളിനോടുള്ള ക്ഷമാപണം കൂടിയായിരുന്നു എന്നതിൽ സംശയമില്ല. അതേസമയം മെസി നൽകിയ മറുപടി ലെവൻഡോസ്കി വെളിപ്പെടുത്തിയില്ല. എന്നാൽ ലെവൻഡോസ്കി അടക്കമുള്ള താരങ്ങൾ പ്രതിരോധത്തെ സഹായിച്ചിട്ടും മത്സരത്തിൽഅർജന്റീനയുടെ വിജയം തടുക്കാൻ പോളണ്ടിന് കഴിഞ്ഞില്ല. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.