വിലക്കിന്റെ ചങ്ങലകൾ മെസിക്കു മുന്നിൽ പൊട്ടിവീണു, പിഎസ്ജിയിൽ പരിശീലനം ആരംഭിച്ച് താരം | Lionel Messi
ക്ലബിന്റെ സമ്മതമില്ലാതെ സൗദി അറേബ്യ സന്ദർശനം നടത്തിയ ലയണൽ മെസിയെ സസ്പെൻഡ് ചെയ്ത തീരുമാനത്തിൽ നിന്നും പിഎസ്ജി പുറകോട്ടു പോകുന്നു. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിലാണ് ലയണൽ മെസി സൗദി സന്ദർശനം നടത്തിയത്. അതിനടുത്ത ദിവസം പരിശീലനത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് താരത്തിനെതിരെ പിഎസ്ജി നടപടിയെടുത്തു. രണ്ടാഴ്ച ക്ലബിനൊപ്പം പരിശീലനം നടത്താനടക്കം വിലക്ക് വരുന്ന രീതിയിലാണ് സസ്പെൻഷൻ ചെയ്തത്.
എന്നാൽ വിലക്ക് വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പിഎസ്ജി ട്രെയിനിങ് സെന്ററിൽ ലയണൽ മെസി പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പിഎസ്ജി തങ്ങളുടെ ഔദ്യോഗികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മെസി പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ സസ്പെൻഷൻ തീരുമാനത്തിൽ നിന്നും ക്ലബ് പുറകോട്ടു പോവുകയാണെന്ന് വ്യക്തമാണ്.
⚽️🔛 Leo Messi back in training this Monday morning. pic.twitter.com/Neo6GEWEIm
— Paris Saint-Germain (@PSG_English) May 8, 2023
സംഭവം വിവാദമായി തനിക്ക് സസ്പെൻഷൻ ലഭിച്ചതോടെ മെസി ക്ഷമാപണം നടത്തി രംഗത്തു വന്നിരുന്നു. സൗദി അറേബ്യയിലേക്ക് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കിയ താരം അതിനു ശേഷം തന്റെ സഹതാരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ക്ലബ് എന്ത് നടപടികൾ എടുത്താലും അത് സ്വീകരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. ഈ ക്ഷമാപണമാണ് താരത്തിനെതിരായ നടപടിയിൽ നിന്നും ക്ലബ് പുറകോട്ടു പോകാൻ കാരണമായതെന്നു വേണം കരുതാൻ.
ട്രോയസിനെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിൽ ലയണൽ മെസി സസ്പെൻഷൻ മൂലം കളിച്ചിരുന്നില്ല. നിലവിൽ ഒറ്റക്ക് പരിശീലനം നടത്തുന്ന താരം അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയിൽ ലയണൽ മെസിക്ക് കരാർ പുതുക്കാനുള്ള ഓഫർ പിഎസ്ജി വീണ്ടും നൽകിയെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഫ്രാൻസിൽ തുടരാൻ ആഗ്രഹമില്ലാത്ത താരം അത് സ്വീകരിക്കില്ലെന്നതുറപ്പാണ്.
Lionel Messi Back In Training At PSG