ആരാധകർ അപമാനിച്ചിട്ടും തളർന്നില്ല, പിഎസ്ജിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മെസി | Lionel Messi
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി അപ്രതീക്ഷിതമായ തോൽവി വഴങ്ങുകയുണ്ടായി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലിയോണിനോടാണ് പിഎസ്ജി തോൽവി വഴങ്ങിയത്. ലയണൽ മെസിയും എംബാപ്പെയും അടങ്ങുന്ന താരങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ബ്രാഡ്ലി നേടിയ ഒരേയൊരു ഗോളിലാണ് ലിയോൺ പിഎസ്ജിക്കെതിരെ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന് മുൻപ് ഒരിക്കൽക്കൂടി പിഎസ്ജി ആരാധകർ മെസിയോടുള്ള തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരുന്നു. മെസിയുടെ പേര് സ്റ്റേഡിയം അന്നൗൺസർ വിളിച്ചു പറഞ്ഞപ്പോൾ കൂക്കി വിളിച്ചാണ് പിഎസ്ജിയുടെ തീവ്ര ആരാധകക്കൂട്ടമായ അൾട്രാസ് പ്രതികരിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തു പോയതിനു ശേഷം തുടർച്ചയായ മൂന്നാമത്തെ തവണയാണ് ആരാധാകർ മെസിക്കെതിരെ തിരിയുന്നത്.
Messi vs Lyon last night:
— Axle (@indepthmvr) April 2, 2023
6 Ground Duels Won
5 Key Passes
5 Accurate Crosses
4 Successful Dribbles
2 Tackles Completed
1 Big Chance Created
Another Masterclass Man of the Match Performance for PSG from the Magician! ✨💫 pic.twitter.com/GovjxXSKLc
അതേസമയം ആരാധകരുടെ പ്രതിഷേധത്തിലും മികച്ച പ്രകടനമാണ് ലയണൽ മെസി ടീമിനായി നടത്തിയത്. പിഎസ്ജി നിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം അഞ്ചു കീ പാസുകളാണ് മത്സരത്തിൽ നൽകിയത്. പിഎസ്ജിയിലെ മറ്റു താരങ്ങൾ എല്ലാവരും കൂടി അഞ്ചു കീ പാസുകൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് കാണുമ്പോഴാണ് മെസിയുടെ പ്രകടനം വേറിട്ടു നിൽക്കുന്നതാണെന്ന് മനസിലാവുക.
ഇതിനു പുറമെ മത്സരത്തിൽ ഒരു വമ്പൻ അവസരവും മെസി ടീമിനായി ഒരുക്കി നൽകി. എന്നാൽ മെസിക്ക് വേണ്ട വിധത്തിലുള്ള പിന്തുണ നൽകാൻ ടീമിലെ മറ്റു താരങ്ങൾക്ക് കഴിഞ്ഞില്ല. സെർജിയോ റാമോസ് ഒഴികെ ബാക്കി പ്രധാന താരങ്ങൾ എല്ലാവരും ഇറങ്ങിയ മത്സരത്തിലാണ് ടീമിന് ഈ അവസ്ഥ വന്നത്. തോൽവി വഴങ്ങിയതോടെ ലീഗിൽ ആറു പോയിന്റ് വ്യത്യാസത്തിലാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ആരാധകർ എതിരാണെങ്കിലും മെസി തന്റെ ജോലി ഒരിക്കൽക്കൂടി ഭംഗിയായി നിർവഹിച്ചു. എന്നാൽ ആരാധകരുടെ പ്രതിഷേധം താരം ടീമിൽ നിന്നും പോകാനുള്ള സാധ്യത വർധിപ്പിക്കുമെന്നുറപ്പാണ്. നിലവിൽ തന്നെ പിഎസ്ജി മുന്നോട്ടു വെച്ച കരാർ പുതുക്കാനുള്ള ഓഫർ സ്വീകരിച്ചിട്ടില്ലാത്ത മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
Content Highlights: Lionel Messi Created Five Chances Against Lyon