ഭാവിയുടെ കാര്യത്തിൽ തീരുമാനമെടുത്ത് ലയണൽ മെസി, പുതിയ റിപ്പോർട്ടുകൾ പുറത്ത്
ഖത്തർ ലോകകപ്പിനു മുൻപു തന്നെ ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകൾ അഭ്യൂഹങ്ങൾ വളരെയധികം ഉയർന്നു വന്നിരുന്നു. ഈ സീസണോടെ പിഎസ്ജി കരാർ അവസാനിക്കുന്ന താരം ക്ലബിൽ തന്നെ തുടരുമോ അതോ അവിടം വിടുമോയെന്നതാണ് പ്രധാനമായും ചർച്ചകളിൽ ഉയർന്നു വന്നിരുന്നത്. ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന താരം ഫ്രീ ഏജന്റായാൽ സ്വന്തമാക്കാൻ നിരവധി ക്ലബുകളും രംഗത്തു വന്നിരുന്നു. താരത്തിന്റെ മുൻ ക്ലബായ ബാഴ്സലോണയാണ് മെസിക്കായി പ്രധാനമായും രംഗത്തു വന്നിരുന്നത്.
ലയണൽ മെസിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ താൽപര്യമുണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ട നിരവധി തവണ വ്യക്തമാക്കിയതാണ്. ബാഴ്സലോണ മാനേജരായ സാവിയും മെസിയെ ടീമിന്റെ ഭാഗമാക്കാനുള്ള താൽപര്യം വ്യക്തമാക്കിയിരുന്നു. മെസി ഒരുപാട് കാലം കളിച്ച ക്ളബായതിനാൽ തന്നെ ഫ്രീ ഏജന്റായാൽ താരം മടങ്ങി വരുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ ബാഴ്സലോണയുടെ ആ മോഹം നടക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
Time to talk about future of #LeoMessi
For 4 months Luis Campos (DoF of #PSG) has communicated with Jorge Messi. There was a key meeting in Doha between Jorge and PSG chairman Nasser Al Khelaifi and they advanced
There is an agreement for Messi to renew his contract with PSG pic.twitter.com/mMQMw1nlom
— Guillem Balague (@GuillemBalague) December 24, 2022
ഗ്വില്ലം ബലാഗുവിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ഇനിയുള്ള സീസണിലും ഫ്രഞ്ച് ക്ലബിൽ തന്നെ തുടരുമെന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ ക്ലബും താരവും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും വേണമെങ്കിൽ അതൊരു വർഷത്തേക്ക് കൂടി നീട്ടാൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ബാഴ്സലോണ താരത്തെയോ താരത്തിന്റെ പിതാവിനെയോ ഇതുവരെ ട്രാൻസ്ഫറിനായി സമീപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാഴ്സലോണ വിട്ടതിനു ശേഷം ലയണൽ മെസിക്ക് ദേശീയ ടീമിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ബാഴ്സലോണ കരാർ അവസാനിച്ച കഴിഞ്ഞ സമ്മറിലാണ് മെസി ദേശീയ ടീമിനൊപ്പമുള്ള ആദ്യത്തെ കിരീടം സ്വന്തമാക്കുന്നത്.അതിനു ശേഷം ഫൈനലൈസിമ കിരീടം, ലോകകപ്പ് എന്നിവയും മെസി നേടിയിരുന്നു. അതെല്ലാം കൊണ്ടു തന്നെ മെസി പിഎസ്ജിയിൽ തുടരാനാണ് സാധ്യത. നിലവിൽ ഒഴിവുദിവസങ്ങളിലുള്ള മെസി അടുത്തു തന്നെ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നുണ്ടാകും.