ഇതു മെസിയുടെ അവസാന ലോകകപ്പാവില്ല, താരത്തിനായി യുദ്ധം ചെയ്യുമെന്ന് ലിസാൻഡ്രോ മാർട്ടിനസ്
ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പാവുമെന്ന് ലയണൽ മെസി നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. മുപ്പത്തിയാറാം വയസിലേക്ക് പോകുന്ന തനിക്ക് ഇനി നാല് വർഷം കഴിഞ്ഞു അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള സാധ്യത ഇല്ലെന്നാണ് താരം തന്നെ കരുതുന്നത്. എന്നാൽ ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ നിന്നും മെസി വിരമിക്കാനുള്ള സാധ്യതയില്ല.
എന്നാൽ ഇതു മെസിയുടെ അവസാനത്തെ ലോകകപ്പ് ആവില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസ് പറയുന്നത്. ഇതു തന്റെ അവസാനത്തെ ലോകകപ്പാവുമെന്നു പറഞ്ഞ ലയണൽ മെസിയെ ടീമിൽ നിന്നും പുറത്തു പോകാൻ സമ്മതിക്കില്ലെന്നാണ് ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞത്. ഈ ലോകകപ്പിൽ താരത്തിനായി യുദ്ധം ചെയ്യുമെന്നും ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.
“എങ്ങിനെയാണിത് ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പാവുന്നത്? ഒരിക്കലുമല്ല, മെസിക്ക് ഭ്രാന്താണ്. ഞങ്ങൾ താരത്തെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഈ ലോകകപ്പിൽ മെസിക്കു വേണ്ടി ഞങ്ങൾ യുദ്ധം ചെയ്യും.” കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.
🇦🇷 Lisandro Martínez: “How this will be Messi’s last World Cup? No, no he’s crazy, we’re not going to let him leave. We will go to war for him this World Cup.” @SC_ESPN pic.twitter.com/y0OtcjJyIK
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 28, 2022
ഇത്തവണ ലോകകപ്പിൽ നിരവധിയാളുകൾ കിരീടസാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് അർജന്റീന. 2019 മുതലുള്ള അപരാജിത കുതിപ്പും ലയണൽ മെസിയുടെ മികച്ച ഫോമുമാണ് അർജന്റീനയുടെ കിരീടസാധ്യത വർധിപ്പിക്കുന്നത്. നവംബർ ഇരുപത്തിരണ്ടിനു സൗദി അറേബ്യയുമായുള്ള മത്സരത്തോടെയാണ് അർജന്റീന തങ്ങളുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.