ലയണൽ മെസിക്ക് പിഎസ്ജി നൽകാനുദ്ദേശിക്കുന്ന കരാർ എത്ര വർഷത്തേക്ക്, വെളിപ്പെടുത്തലുമായി ക്ലബ് സ്പോർട്ടിങ് ഡയറക്റ്റർ
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് നിരവധി വർഷങ്ങൾ നീണ്ട ബാഴ്സലോണ കരിയറിന് അവസാനം കുറിച്ച് ലയണൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറിയത്. രണ്ടു വർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബിലെത്തിയ താരത്തിന് കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കനുസരിച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. പിഎസ്ജിയുമായി ഇണങ്ങിച്ചേർന്നു കൊണ്ടിരിക്കുന്ന മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ അതു പുതുക്കാനുള്ള നീക്കങ്ങളും പിഎസ്ജി ആരംഭിച്ചിട്ടുണ്ട്.
ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും താരത്തിന് സമ്മതമാണെങ്കിൽ അത് ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയും. എന്നാൽ ഒരു വർഷത്തേക്ക് കൂടി മാത്രം മെസിയെ പിഎസ്ജിക്കൊപ്പം നിർത്താനല്ല ക്ലബ് നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. ഈ സീസണിൽ ക്ലബിലെത്തിയ സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാമ്പോസ് മൂന്നു സീസണുകൾ കൂടി ലയണൽ മെസിയെ ടീമിനൊപ്പം നിലനിർത്താനാണ് പദ്ധതിയെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
“ഞാൻ ലയണൽ മെസിയോട് ഇവിടെത്തന്നെ തുടരണമോയെന്ന ആഗ്രഹമുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്റെ കരാർ അവസാനിക്കുന്നതു വരെ മെസി ഇവിടെത്തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന കാര്യവും ഞാൻ പറഞ്ഞിരുന്നു. ലയണൽ മെസിയുടെ കാര്യത്തിൽ ഞാൻ വളരെയധികം സംതൃപ്തനാണ്.” മൊണോക്കോ, ലില്ലെ എന്നീ ടീമുകളെ ലീഗ് കിരീടത്തിലേക്ക് നയിച്ച ട്രാൻസ്ഫർ തന്ത്രങ്ങൾ ആവിഷ്കരിച്ച കാമ്പോസ് ആർഎംസിയോട് പറഞ്ഞു. മൂന്നു വർഷത്തെ കരാറാണ് കാമ്പോസ് പിഎസ്ജിയുമായി ഒപ്പിട്ടിരിക്കുന്നത്.
Luis Campos on Leo Messi: “I asked Messi if he wanted to stay and I told him that I hope that he will stay here during my tenure here [3 years]. I’m very satisfied with Leo”, tells RMC. 🚨🇦🇷 #PSG
— Fabrizio Romano (@FabrizioRomano) September 16, 2022
Messi will not make any decision on his future before the World Cup. pic.twitter.com/ASyeHVR8ek
അതേസമയം ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സലോണ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. കഴിഞ്ഞ സമ്മറിൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മെസിയെ ബാഴ്സലോണക്ക് വിട്ടു കളയേണ്ടി വന്നത്. എന്നാലിപ്പോൾ ക്ലബിന്റെ ആസ്തികൾ നിശ്ചിത കാലത്തേക്കു വിറ്റ ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുകയും വേതനബ്ബിൽ ഉയർത്തുകയും ചെയ്തത് മെസിക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ബാഴ്സക്കൊപ്പമുള്ള മെസിയുടെ സമയം അവസാനിച്ചിട്ടില്ലെന്നാണ് താരത്തെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പരിശീലകനായ സാവി പ്രതികരിച്ചത്. താരം മറ്റൊരു അവസരം കൂടി അർഹിക്കുന്നുണ്ടെന്നും ലയണൽ മെസി ക്ലബ്ബിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും പറഞ്ഞ സാവി അടുത്ത വർഷം ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാമെന്നും പറഞ്ഞു.