മാഞ്ചസ്റ്റർ യുണൈറ്റഡ് ‘ക്രിസ്റ്റ്യാനോ റൊണാൾഡോ നിയമം’ നടപ്പിലാക്കുന്നു? വമ്പൻ താരങ്ങളെ ബാധിക്കും
2021 സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്താണ് അതിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിച്ചത്. അതു താരത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും തിരിച്ചടി മാത്രമാണ് നൽകിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കാതിരുന്ന ടീമിൽ റൊണാൾഡോ മോശം ഫോമിലേക്ക് പോവുകയും ഒടുവിൽ ക്ലബിനെതിരെ രൂക്ഷവിമർശനം നടത്തി സൗദി അറേബ്യൻ ലീഗിലെ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുകയും ചെയ്തു. അന്നു റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുകയാണ് വേണ്ടിയിരുന്നതെന്ന് താരത്തിന്റെ ആരാധകരിൽ പലരും വെളിപ്പെടുത്തുകയും ചെയ്തു.
വമ്പൻ തുക പ്രതിഫലം നൽകിയാണ് റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും തട്ടകത്തിലെത്തിച്ചത്. ഇപ്പോൾ റൊണാൾഡോ ക്ലബ് വിട്ടതിനു പിന്നാലെ പുതിയൊരു നിയമം ക്ലബിൽ ഏർപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുകയാണ്. എല്ലാ താരങ്ങളുടെയും പരമായവധി പ്രതിഫലം ആഴ്ചയിൽ രണ്ടു ലക്ഷം പൗണ്ട് ആക്കുകയെന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടപ്പിലാക്കാൻ പോകുന്നത്. മറ്റു താരങ്ങളിൽ നിന്നും വളരെ ഉയർന്ന തലത്തിൽ പ്രതിഫലം വാങ്ങുന്ന റൊണാൾഡോയെ പോലെയുള്ള കളിക്കാരെ ടീമിലെത്തിച്ച് ഡ്രസിങ് റൂമിൽ അസൂയയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ഉദ്ദേശിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഏർപ്പെടുത്താൻ പോകുന്ന ഈ പുതിയ നിയമം ബാധിക്കുക നിലവിൽ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് വളരെ കുറഞ്ഞ പ്രതിഫലമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഓഫർ ചെയ്തിരിക്കുന്നത്. ആ കരാർ വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ ക്ലബ് വിടാമെന്ന നിലപാടാണ് ക്ലബിന്റേത്. റൊണാൾഡോ, പോഗ്ബ തുടങ്ങിയ വമ്പൻ താരങ്ങളെ വലിയ പ്രതിഫലം നൽകി ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ നിലപാടുകളിൽ നിന്നും വലിയ മാറ്റമാണ് ഇപ്പോഴത്തെ നിയമത്തിനുള്ളത്. ക്ലബിൽ വലിയൊരു അഴിച്ചുപണി നടക്കുന്നുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
EXCLUSIVE: Manchester United will enforce 'Ronaldo rule' – limiting salaries to £200k-a-week maximum – as Erik ten Hag attempts to avoid culture of dressing room jealousy at Old Traffordhttps://t.co/XtHPspP4x7
— MailOnline Sport (@MailSport) January 8, 2023
ടീമിലെ സീനിയർ താരങ്ങളായ റാഫേൽ വരാനെ, ഹാരി മാഗ്വയർ, കസമീറോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം ഈ തുകയുടെ ഉള്ളിലാണ് ഇപ്പോൾ പ്രതിഫലം വാങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ടീമിന് കഴിഞ്ഞില്ലെങ്കിൽ പ്രതിഫലം വീണ്ടും കുറയുകയും ചെയ്യും. നേരത്തെ റൊണാൾഡോ ഉണ്ടായിരുന്ന സമയത്തും ഈ നിയമം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഏതാണ്ട് ഇരുപത്തിയഞ്ചു ശതമാനം പ്രതിഫലം പോയതിൽ നീരസം ഉണ്ടായതു കൊണ്ടു കൂടിയാണ് റൊണാൾഡോ കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. റൊണാൾഡോ വരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗിൽ കളിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്തിരുന്നില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് വന്നതിനു ശേഷമാണ് ക്ലബിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഡച്ച് പരിശീലകന് ഇതിൽ പങ്കുണ്ടെന്നു തന്നെയാണ് കരുതേണ്ടത്. കഴിഞ്ഞ ദിവസം ക്ലബിന്റെ കഴിഞ്ഞ വർഷങ്ങളിലെ ട്രാൻസ്ഫർ പദ്ധതികളെ എറിക് ടെൻ ഹാഗ് വിമർശിച്ചിരുന്നു. ശരാശരി താരങ്ങളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെത്തിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രാൻസ്ഫർ നീക്കങ്ങളിലും ടെൻ ഹാഗിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നു തന്നെയാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.