തീരുമാനമെടുത്തു കഴിഞ്ഞു, ഖത്തർ ലോകകപ്പ് അവസാനത്തേതാകും: ലയണൽ മെസി
നവംബറിൽ ഖത്തറിൽ വെച്ച് ആരംഭിക്കാനിരിക്കുന്ന 2022 ഫുട്ബോൾ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്നു സ്ഥിരീകരിച്ച് അർജന്റീനിയൻ നായകനായ ലയണൽ മെസി. സെബാസ്റ്റ്യൻ വിഗ്നോലോയുമായി നടത്തിയ ഒരു സംഭാഷണത്തിനിടെയാണ് മെസി അമേരിക്കയിൽ വെച്ചു നടക്കുന്ന 2026 ലോകകപ്പിൽ അർജന്റീന ടീമിന്റെ ഭാഗമായി ഉണ്ടാകില്ലെന്നു വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് താൻ തീരുമാനം എടുത്തു കഴിഞ്ഞുവെന്നും മെസി അറിയിച്ചു.
“ഇതെന്റെ അവസാനത്തെ ലോകകപ്പാണ്, തീർച്ചയായും. ആ തീരുമാനം എടുത്തു കഴിഞ്ഞു. ലോകകപ്പ് വരേക്കുമുള്ള ദിവസങ്ങൾ എണ്ണിയിരിക്കുകയാണ് ഞാൻ. സത്യം പറഞ്ഞാൽ ചെറിയൊരു ഉത്കണ്ടയുണ്ട്. എന്താണ് സംഭവിക്കാൻ പോകുക, ഇതെന്റെ അവസാനത്തേതാണ്, അതെങ്ങിനെയായിരിക്കും കടന്നു പോവുക. അതാരംഭിക്കുന്നതിന് ഇനിയും കാത്തിരിക്കാൻ കഴിയില്ല. അത് മികച്ച രീതിയിലാവണമെന്നും ആഗ്രഹിക്കുന്നു.” മെസി പറഞ്ഞു.
“ഞങ്ങൾ കരുത്തരായൊരു ഗ്രൂപ്പിനൊപ്പം മികച്ചൊരു അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്. പക്ഷെ ലോകകപ്പിൽ എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതാണ്. അതാണ് ലോകകപ്പിനെ പ്രത്യേകതയുള്ളതാക്കുന്നത്. അതിൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളാവില്ല വിജയം നേടുന്നതും മികച്ച പ്രകടനം നടത്തുന്നതും.” മെസി കൂട്ടിച്ചേർത്തു.
Lionel Messi confirms Qatar will be his last World Cup:
— B/R Football (@brfootball) October 6, 2022
"Surely, this will be my final World Cup." pic.twitter.com/65bAX3Hz2u
“ഞങ്ങൾ ഏറ്റവുമധികം സാധ്യതയുള്ള ടീമാണെന്ന് എനിക്കറിയില്ല. എന്നാൽ ചരിത്രം കൊണ്ടും ഞങ്ങളെന്ത് അർത്ഥമാക്കുന്നു എന്നതു കൊണ്ടും എല്ലായിപ്പോഴും കിരീടം നേടാൻ സാധ്യതയുള്ള ടീം തന്നെയാണ്. ഞങ്ങൾക്ക് സാധ്യതയില്ലെങ്കിൽ അതിനർത്ഥം നിരവധി മികച്ച ടീമുകൾ ഞങ്ങൾക്കു മുകളിലുണ്ടെന്നാണ്.” മെസി അർജന്റീന ടീമിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് പറഞ്ഞു.
ഖത്തർ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമിലൊന്നാണ് അർജന്റീനയെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ 35 മത്സരങ്ങൾ അപരാജിതരായി മുന്നോട്ടു കുതിക്കുന്ന ടീമാണ് അർജന്റീന. 2019ൽ ആരംഭിച്ച അപരാജിത കുതിപ്പിനിടയിൽ കോപ്പ അമേരിക്ക, ലാ ഫൈനലിസമാ കിരീടങ്ങളും അവർ നേടി.