മെസിയുടെ ജേഴ്സി കാൽ തുടക്കാനുള്ള ചവിട്ടി, അർജന്റീനയോടുള്ള തോൽവി സഹിക്കാൻ കഴിയാതെ ഫ്രഞ്ചുകാർ
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ പൊരുതിയെങ്കിലും അർജന്റീനയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു ഫ്രാൻസിന്റെ വിധി. തുടർച്ചയായ രണ്ടാം ലോകകപ്പ് നേടാമെന്ന ആഗ്രഹം ടൂർണമെന്റിലെ ഏറ്റവും മികച്ച താരനിരയുള്ള ഫ്രഞ്ച് ടീമിന് ഉണ്ടായിരുന്നെങ്കിലും ലയണൽ മെസിയും സംഘവും അത് കെടുത്തിക്കളഞ്ഞു. തങ്ങളെ നിഷ്പ്രഭമാക്കിയ പ്രകടനം എൺപതു മിനുട്ടു വരെയും നടത്തിയ അർജന്റീനക്കെതിരെ അവസാന പത്ത് മിനുട്ടിൽ തിരിച്ചു വന്ന ഫ്രാൻസ് വിജയം നേടുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ അർജന്റീന കിരീടം നേടുകയായിരുന്നു.
സ്വന്തം ടീമിന്റെ തോൽവിയിൽ ആരാധകർക്ക് അരിശമുണ്ടാകുന്നത് സ്വാഭാവികമാണ്. അർജന്റീനക്കെതിരെ തോൽവി വഴങ്ങിയ ഫ്രാൻസിലെ ആരാധകരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ദേഷ്യം തീർക്കാൻ അവർ കണ്ടെത്തിയ വ്യത്യസ്തമായ മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ലയണൽ മെസിയുടെ പേരെഴുതിയ ജേഴ്സി കാൽ തുടക്കാനുള്ള ചവിട്ടിയായി ഉപയോഗിച്ചാണ് ഫ്രാൻസിലെ ചില ആരാധകർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോറ്റതിന്റെ മുഴുവൻ കലിപ്പും അടക്കുന്നത്.
PSG's away kit of Lionel Messi used as door mat at the entrance of a bar in France with an instruction on notice board.
“Remember to wipe your feet when you enter.”#ArgentinaVsFrance #FIFAWorldCup2022 #FIFA2022 #France pic.twitter.com/aY4Mb0zt7v
— SportsTiger (@StigerOfficial) December 20, 2022
ഫ്രാൻസിലെ ഒരു ബാറിലാണ് ലയണൽ മെസിയുടെ ജേഴ്സി ചവിട്ടിയായി ഇട്ടിരിക്കുന്നത്. എന്നാൽ അർജന്റീനയിൽ മെസി ധരിക്കുന്ന പത്താം നമ്പർ ജേഴ്സിയല്ല, മറിച്ച് പിഎസ്ജിയിൽ മെസി ധരിക്കുന്ന മുപ്പതാം നമ്പർ ജേഴ്സിയാണ് ബാറിനു മുന്നിൽ ഇട്ടിരിക്കുന്നത്. മെസിയുടെ പേര് കൃത്യമായി കാണുന്ന രീതിയിൽ തന്നെയാണ് ജേഴ്സി ഇട്ടിരിക്കുന്നത്. അതിനു പിന്നിൽ “കാൽ തുടച്ചതിനു ശേഷം മാത്രം അകത്തേക്ക് കയറുക” എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പലരും ജേഴ്സിയിൽ കാൽ തുടച്ചതിന്റെ അടയാളവുമുണ്ട്.
ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ പലരും രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ നടത്തുന്നത്. എതിരാളികളോട് വിരോധമാകാമെങ്കിലും അതു പ്രകടിപ്പിക്കേണ്ടത് ഇങ്ങിനെയല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫൈനൽ വിജയത്തിന് ശേഷം അർജന്റീന താരങ്ങളിൽ ചിലർ ഫ്രാൻസ് താരങ്ങളെ കളിയാക്കിയിരുന്നു. ആരാധകരുടെ ഇത്തരം ഈ പ്രവൃത്തി വെച്ചു നോക്കുമ്പോൾ ഫ്രാൻസ് താരങ്ങൾ അർഹിച്ചതു തന്നെയാണ് ലഭിച്ചതെന്നും ചിലർ പറയുന്നുണ്ട്.