മറ്റൊരു റെക്കോർഡ് കൂടി മെസിക്കു മുന്നിൽ വഴിമാറി, മറികടന്നത് റൊണാൾഡോയെയും പെലെയെയും
ലിയോണിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജിക്കു വേണ്ടി താരമായത് ലയണൽ മെസിയായിരുന്നു. ലിയോണിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജി വിജയം നേടിയ മത്സരത്തിൽ ലയണൽ മെസി തന്നെയാണ് വല കുലുക്കിയത്. അഞ്ചാം മിനുട്ടിൽ നെയ്മറുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ചതിനു ശേഷം ബ്രസീലിയൻ താരത്തിന്റെ പാസിൽ നിന്നുമാണ് മെസി ഈ സീസണിലെ തന്റെ അഞ്ചാമത്തെ ഗോൾ നേടിയത്.
മത്സരത്തിൽ ഗോൾ നേടിയതോടെ മറ്റൊരു റെക്കോർഡ് കൂടി ലയണൽ മെസി സ്വന്തം പേരിൽ എഴുതിച്ചേർക്കുകയുണ്ടായി. പെനാൽറ്റികൾ ഒഴിവാക്കി കരിയറിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡാണ് ലിയോണിനെതിരെ നേടിയ ഗോളിലൂടെ മെസി സ്വന്തമാക്കിയത്. 672 നോൺ പെനാൽറ്റി ഗോളുകൾ കരിയറിൽ നേടിയിട്ടുള്ള മെസി 671 ഗോളുകൾ വീതം നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിയൻ ഇതിഹാസം പെലെ എന്നിവരെയാണ് മറികടന്നത്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വളരെ പെട്ടന്നു തന്നെ മെസിയുടെ റെക്കോർഡിനൊപ്പമെത്താനും അതിനെ മറികടക്കാനും അവസരമുണ്ട്. രണ്ടു താരങ്ങളും ഒരേ കാലഘട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇരുവരും തമ്മിൽ ഇക്കാര്യത്തിൽ മികച്ചൊരു പോരാട്ടം തന്നെ കരിയാറിലുടനീളം നടക്കുമെന്ന കാര്യത്തിലും സംശയമില്ല. അതേസമയം റൊണാൾഡോയെക്കാൾ 150ഓളം മത്സരങ്ങൾ കുറവ് കളിച്ചാണ് മെസി ഈ റെക്കോർഡ് മറികടന്നതെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
Messi takes the lead 👀 pic.twitter.com/wT1sAp7jIp
— ESPN FC (@ESPNFC) September 19, 2022
നോൺ പെനാൽറ്റി ഗോളുകളുടെ കണക്കെടുക്കുമ്പോൾ മെസിയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും ക്ലബ് തലത്തിലും രാജ്യത്തിന് വേണ്ടിയും ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ക്ലബ് കരിയറിൽ 941 മത്സരങ്ങളിൽ നിന്നും 699 ഗോളുകൾ നേടിയ റൊണാൾഡോ പോർചുഗലിനായി 187 മത്സരങ്ങളിൽ നിന്നും 117 ഗോളുകൾ നേടി. അതേസമയം ക്ലബ് തലത്തിൽ 823 മത്സരങ്ങളിൽ നിന്നും 689 ഗോളും അർജന്റീനക്കായി 162 മത്സരങ്ങളിൽ നിന്നും 86 ഗോളുമാണ് മെസിയുടെ സമ്പാദ്യം.
കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അതിന്റെ കുറവെല്ലാം പരിഹരിച്ച് മെസി മുന്നോട്ടു പോകുന്നുണ്ട്. അഞ്ചു ഗോളും എട്ട് അസിസ്റ്റുമാണ് ഈ സീസണിൽ മെസി ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ട്. പിഎസ്ജി മുന്നേറ്റനിരയിലെ താരങ്ങളുമായി ഒത്തിണക്കത്തോടെ കളിക്കാൻ മെസിക്ക് കഴിയുന്നത് സീസണിൽ എല്ലാ കിരീടങ്ങളും നേടാമെന്ന പ്രതീക്ഷ ക്ലബിന് നൽകുന്നുണ്ട്.