മെസിയെ വിട്ടുകൊടുക്കില്ല, താരത്തിനു വേണ്ടിയുള്ള ബാഴ്‌സയുടെ നീക്കം തടയാൻ പിഎസ്‌ജിയുടെ ഓഫർ

അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിയെ ക്ലബിനൊപ്പം നിലനിർത്താൻ വേണ്ടിയുള്ള നീക്കങ്ങളാരംഭിച്ച് പിഎസ്‌ജി. അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുന്ന ലയണൽ മെസിയെ തങ്ങളുടെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുമെന്ന അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പിഎസ്‌ജിയുടെ നീക്കം. ഫ്രീ ഏജന്റായ ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് കഴിയുമെന്ന് അടുത്തിടെ ക്ലബിന്റെ സാമ്പത്തികവിഭാഗം മേധാവി അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ബാഴ്‌സലോണയുമായി കരാർ പുതുക്കാൻ കഴിയാത്തതിനെ തുടർന്ന് ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. രണ്ടു വർഷത്തെ കരാറാണ് പിഎസ്‌ജിയുമായി താരം ഒപ്പുവെച്ചത്. ആദ്യ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസിയുടെ നിലവിലെ കരാർ പുതുക്കി നൽകാനുള്ള ഓഫറാണ് പിഎസ്‌ജി നൽകിയിരിക്കുന്നത്.

സ്‌പാനിഷ്‌ ജേർണലിസ്റ്റായ മനു കാറിനോയുടെ റിപ്പോർട്ടുകൾ പ്രകാരം മെസിക്ക് പാരീസ് ക്ലബ് ഒരു വർഷം കൂടിയാണ് കരാർ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഈ കരാർ മറ്റൊരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയും അതിലുണ്ട്. ഈ വർഷങ്ങളിൽ മുപ്പതു മില്യൺ യൂറോയാകും മെസിക്ക് പ്രതിഫലമായി ലഭിക്കുക. നിലവിൽ പിഎസ്‌ജിയിൽ നെയ്‌മർക്കു തുല്യമായ പ്രതിഫലമാണ് മെസിക്കും ലഭിക്കുന്നത്.

അതേസമയം പിഎസ്‌ജി കരാർ പുതുക്കുന്ന കാര്യത്തിൽ മെസി തീരുമാനമൊന്നും എടുത്തിട്ടില്ല. ഖത്തർ ലോകകപ്പിനു ശേഷമേ മെസി തന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ. നിലവിൽ പിഎസ്‌ജിക്കും അർജന്റീന ടീമിനുമൊപ്പം ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിൽ മാത്രമാണ് മെസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഗംഭീരമാക്കി ക്ലബിനും രാജ്യത്തിനും വേണ്ടി മിന്നുന്ന പ്രകടനം താരം നടത്തുകയും ചെയ്യുന്നു.

ഈ സീസൺ ആരംഭിച്ചതിനു ശേഷം ക്ലബിനും രാജ്യത്തിനായി പതിമൂന്നു മത്സരങ്ങൾ കളിച്ച ലയണൽ മെസി ഇതുവരെ പത്തു ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇതിൽ നാല് ഗോളുകളും അർജന്റീനയ്ക്കു വേണ്ടിയായിരുന്നു. ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന രണ്ടു സൗഹൃദമത്സരങ്ങളിൽ നാല് ഗോളുകൾ നേടിയതോടെ ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ മൂന്നാമത്തെ താരമായി മെസി മാറുകയും ചെയ്‌തു.