ലോകകപ്പിൽ അർജന്റീനക്ക് ആരെയും ഭയമില്ല, ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമായി ലയണൽ മെസി
ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഒരു മാസത്തിൽ കുറഞ്ഞ സമയം മാത്രം ബാക്കി നിൽക്കെ അതിനായി കാത്തിരിക്കുന്ന അർജന്റീന ആരാധകർക്ക് ആവേശം നൽകുന്ന വാക്കുകളുമായി ടീമിന്റെ നായകനായ ലയണൽ മെസി. ലോകകപ്പിൽ അർജന്റീന ഒരു ടീമിനെയും ഭയക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ മെസി വ്യക്തമാക്കിയത്. മുപ്പത്തിയഞ്ചു മത്സരങ്ങളായി തോൽവിയറിയാതെ ലോകകപ്പിനെത്തുന്ന അർജന്റീനയിൽ പ്രതീക്ഷ വെച്ചു പുലർത്തുന്ന ആരാധകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന വാക്കുകളാണ് മെസിയുടേത്.
“അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നതിനാൽ തന്നെ ആളുകൾ കരുതുന്നത് ഞങ്ങൾ കപ്പുമായി വരുമെന്നാണ്. പക്ഷെ അതങ്ങിനെയല്ല. ലോകകപ്പ് ബുദ്ധിമുട്ടേറിയ ഒന്നാണ്, അതു വിജയിക്കാൻ പല കാര്യങ്ങളും സംഭവിക്കണം, ഞങ്ങൾ മികച്ച പ്രകടനം നടത്തിയാലും പല കാരണങ്ങൾ കൊണ്ട് പുറത്തു പോയേക്കാം. അതുപോലെ തന്നെ മികച്ച പ്രകടനം നടത്തുന്ന നിരവധി ടീമുകൾ ഞങ്ങളെപ്പോലെ തന്നെ അതിനായി ശ്രമം നടത്തുന്നുണ്ടാകും.”
“ഞങ്ങൾക്ക് ആകാംക്ഷയുണ്ട്, ഞങ്ങൾ പൊരുതാൻ തയ്യാറെടുത്തു കഴിഞ്ഞു. ഞങ്ങൾ ആരെയും ഭയക്കുന്നില്ല, കാരണം ഞങ്ങൾ ആർക്കെതിരെയും പൊരുതാൻ തയ്യാറെടുത്തു കഴിഞ്ഞു, വളരെ ശാന്തരായി തന്നെ.” ഡയറക്റ്റിവിക്ക് നൽകിയ അഭിമുഖത്തിൽ ലയണൽ മെസി പറഞ്ഞു. ഇത്തവണത്തെ ലോകകപ്പിന് വളരെ ആത്മവിശ്വാസത്തോടെയാണ് താനും അർജന്റീനയും തയ്യാറെടുക്കുന്നതെന്ന് ലയണൽ മെസിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ആദ്യത്തെ മത്സരത്തിൽ വിജയത്തോടെ തുടരേണ്ടത് അത്യാവശ്യമാണെന്നും മെസി പറഞ്ഞു.
Messi says Argentina fear nobody at the World Cup 👀 pic.twitter.com/MY3itYQ6fb
— ESPN FC (@ESPNFC) October 22, 2022
സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് ലോകകപ്പിൽ അർജന്റീനയുടെ ഗ്രൂപ്പിലുള്ളത്. സൗദി അറേബ്യക്കെതിരായ മത്സരത്തോടെയാണ് അർജന്റീനയുടെ ലോകകപ്പ് ക്യാംപയിൻ ആരംഭിക്കുന്നത്. അർജന്റീനയെ അപേക്ഷിച്ച് ടീമുകൾ ദുർബലരാണ് എന്നതിനാൽ തന്നെ നോക്ക്ഔട്ട് ഉറപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാൽ ലോകകപ്പ് നേടണമെങ്കിൽ അർജന്റീനക്ക് കരുത്തരായ ടീമുകളെ തന്നെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുമെന്നുറപ്പാണ്.