പിഎസ്‌ജിയിൽ മെസി വീണ്ടും തഴയപ്പെട്ടു, ക്ലബിന്റെ കടിഞ്ഞാൺ എംബാപ്പെയുടെ കയ്യിൽ തന്നെ

അർജന്റീനയിലും ബാഴ്‌സലോണയിലും മെസി നായകനായിരുന്ന സമയത്ത് താരത്തിന്റെ നേതൃഗുണം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറഡോണ വരെ അതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഖത്തർ ലോകകപ്പിൽ ഒരു നേതാവ് എങ്ങിനെയായിരിക്കണമെന്ന് മെസി കാണിച്ചു തന്നു. ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ കിരീടത്തിൽ എത്തിച്ചത് മെസി മുന്നിൽ നിന്നും നയിച്ചാണ്. അർജന്റീന പതറിയ സമയത്തെല്ലാം ലയണൽ മെസി ആത്മവിശ്വാസം നൽകി ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചു.

എന്നാൽ ലയണൽ മെസിയുടെ നേതൃഗുണം പിഎസ്‌ജി അവഗണിച്ചുവെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ടീമിന്റെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോൾ എംബാപ്പയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രഞ്ച് കപ്പിൽ പായ്‌സ് ഡി കാസിലുമായുള്ള മത്സരത്തിന് ശേഷമാണ് ഇക്കാര്യം ഗാൾട്ടിയർ അറിയിച്ചത്. മത്സരത്തിൽ എംബാപ്പെ അഞ്ചു ഗോളുകൾ നേടിയിരുന്നു. സീസണിന്റെ തുടക്കത്തിൽ തന്നെ എംബാപ്പയെ ടീമിന്റെ ഉപനായകനായി തീരുമാനിച്ചുവെന്നും ഇപ്പോഴാണ് അത് പ്രഖ്യാപിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ നിന്നാണ് കഴിഞ്ഞ സമ്മറിൽ കിലിയൻ എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കുന്നത്. ഇതിനു ശേഷം ക്ലബിൽ താരത്തിന് കൂടുതൽ അധികാരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ശരി വെക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ മാർക്വിന്യോസാണ് ടീമിന്റെ നായകൻ. കരാർ പുതുക്കിയതോടെ ബ്രസീലിയൻ താരം ഇല്ലാത്ത സമയത്ത് ടീമിന്റെ ആംബാൻഡ്‌ അണിയാൻ എംബാപ്പെയാണ് അർഹനെന്നാണ് പരിശീലകനായ ഗാൾട്ടിയർ പറഞ്ഞത്.

പിഎസ്‌ജി കരാർ പുതുക്കുന്നതിൽ നിന്നും ലയണൽ മെസി പിന്മാറിയെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. അന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ മെസി ഉണ്ടായിരുന്നുമില്ല. കുടുംബത്തിനൊപ്പം ചെറിയൊരു അവധി ആഘോഷത്തിലായിരുന്നു ലയണൽ മെസി. അതേസമയം ഈ പ്രഖ്യാപനം ലയണൽ മെസിയുടെ ഭാവിയെ ബാധിക്കാൻ സാധ്യതയുള്ള കാര്യമാണ്. നേരത്തെ വന്ന റിപ്പോർട്ടുകൾ പോലെ ഈ സീസണോടെ അവസാനിക്കുന്ന കരാർ പുതുക്കാൻ തയ്യാറാവാതെ താരം ക്ലബ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.