ലയണൽ മെസിക്കു സംഭവിച്ചത് വമ്പൻ അബദ്ധം, സോഷ്യൽ മീഡിയയിൽ ചരിത്രം കുറിച്ച ആ ചിത്രത്തിലുള്ളത് യഥാർത്ഥ ലോകകപ്പല്ല | Lionel Messi
ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കി കരിയറിനെ പൂർണതയിലെത്തിച്ച ലയണൽ മെസി അതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പുതിയൊരു റെക്കോർഡ് കുറിക്കുകയുണ്ടായി. ലോകകപ്പുമായി നിൽക്കുന്ന ചിത്രം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് നിലവിൽ 74 മില്യണിലധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ലൈക്ക് നേടിയ ചിത്രമെന്ന റെക്കോർഡാണ് ലയണൽ മെസിയുടെ ലോകകപ്പ് ചിത്രം നേടിയത്. ഇതിനു മുൻപ് വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന പേജിൽ വന്ന മുട്ടയുടെ ചിത്രത്തിന്റെ റെക്കോർഡാണ് ലയണൽ മെസി ലോകകപ്പ് കിരീടമുയർത്തി നിൽക്കുന്ന ചിത്രം തകർത്തത്.
എന്നാൽ ലോകകപ്പ് കഴിഞ്ഞ് ഇത്രയും ദിവസങ്ങൾക്കു ശേഷം പുറത്തു വരുന്ന രസകരമായ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് ആ ചിത്രത്തിൽ മെസി പിടിച്ചു നിൽക്കുന്നത് യഥാർത്ഥ ലോകകപ്പ് അല്ലെന്നാണ്. അർജന്റീനയിൽ നിന്നും ലോകകപ്പ് കാണാനെത്തിയ ഒരു ദമ്പതികൾ താരങ്ങൾക്ക് ഒപ്പിടാൻ വേണ്ടി നൽകിയ ലോകകപ്പ് ട്രോഫിയാണ് ലയണൽ മെസി ഉയർത്തി നിൽക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം ടീം കിരീടം ഉയർത്തിയതിനു ശേഷം യഥാർത്ഥ കിരീടം ഫിഫ അവിടെ നിന്നും മാറ്റും. പിന്നീട് യഥാർത്ഥ കിരീടം ഗ്രൗണ്ടിൽ ഇല്ലാതിരുന്നതു കൊണ്ടാണ് അർജന്റീന ദമ്പതികൾ താരങ്ങൾക്ക് ഒപ്പിടാൻ വേണ്ടി നൽകിയ കിരീടം മെസി ഉയർത്തി ആഘോഷിച്ചത്. എന്നാൽ മെസി ഇക്കാര്യം അറിഞ്ഞില്ലെന്നതാണ് രസകരമായ കാര്യം.
താരങ്ങൾക്ക് ഒപ്പിടാൻ വേണ്ടി നൽകിയ തങ്ങൾ നിർമിച്ച ട്രോഫി മൂന്നു തവണ മൈതാനത്തേക്കു പോയെന്ന് ദമ്പതികൾ പിന്നീട് എൽ പൈസിനോട് പറഞ്ഞു. ആദ്യം ലിയാൻഡ്രോ പരഡെസിന്റെ ഒരു ബന്ധുവാണ് കിരീടം കൊണ്ടു പോയത്. താരം അതിൽ ഒപ്പിടുകയും ചെയ്തു. അതിനു ശേഷം താരത്തിന്റെ കയ്യിലുണ്ടായിരുന്ന ആ ട്രോഫി കണ്ടോയെന്ന് എല്ലാവരോടും ചോദിച്ചു നടക്കേണ്ട സ്ഥിതിയും അവർക്കു വന്നു. അതിനു ശേഷം ലൗറ്റാറോ മാർട്ടിനസും ആ കിരീടത്തിൽ ഒപ്പു വെക്കുകയുണ്ടായി. അതിനിടയിൽ മെസിയും അതെടുത്ത് ആഘോഷങ്ങൾ നടത്തി. പിന്നീട് ഫിഫ വക്താവ് വന്ന് ആ ട്രോഫി ഒറിജിനൽ അല്ലെന്ന് ഉറപ്പു വരുത്തിയെന്നും അവർ വെളിപ്പെടുത്തി.
The most liked photo in Instagram's history actually features… a fake World Cup trophy.
— Football Tweet ⚽ (@Football__Tweet) January 6, 2023
Lionel Messi unknowingly lifted a replica made by an Argentinian couple that gave it to the players.
It was Angel Di Maria who pointed it out to him as he had the real one. 😅 pic.twitter.com/CCNA98VmXf
ലയണൽ മെസി മാത്രമല്ല, ടീമിലെ മിക്ക താരങ്ങളും അത് ഒറിജിനൽ ട്രോഫിയല്ലെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഒടുവിൽ ഏഞ്ചൽ ഡി മരിയയാണ് അതു കണ്ടെത്തി മെസിയെ അറിയിക്കുന്നത്. അതിനിടയിൽ ഒരുപാട് താരങ്ങളും അവരുടെ കുടുംബവുമെല്ലാം ആ ട്രോഫിയെടുത്ത് ആഘോഷിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. എന്തായാലും പിന്നീട് ആ ട്രോഫി അവർക്കു തന്നെ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒറിജിനൽ അല്ലാത്ത ആ കിരീടവും ചരിത്രത്തിന്റെ ഭാഗമാവുമായും ചെയ്തുവന്നതിൽ സംശയമില്ല.
ലയണൽ മെസിയുടെ കരിയറിൽ നേടാൻ ബാക്കിയുണ്ടായിരുന്ന ഒരേയൊരു കിരീടമായിരുന്നു ലോകകപ്പ്. അതും താരം നേടിയതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന തലത്തിലേക്ക് മെസി ഉയർന്നു. ലോകകപ്പിനു ശേഷം പിഎസ്ജിയിൽ മടങ്ങിയെത്തിയ മെസിയുടെ ഇനിയുള്ള ലക്ഷ്യം ക്ലബിന് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുക എന്നതാവും. അതിനു കൂടി മെസിക്ക് കഴിഞ്ഞാൽ ഈ സീസൺ മെസിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാവുമെന്നുറപ്പാണ്.