മെസി പോയാലും നെയ്മർ തുടരും, പിഎസ്ജി വിടാൻ ബ്രസീലിയൻ താരത്തിന് ഉദ്ദേശമില്ല
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ഓരോ ട്രാൻസ്ഫർ ജാലകങ്ങളിലും നെയ്മറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നു വരാറുണ്ടെങ്കിലും ഇതുവരെയും താരം ക്ലബ് വിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം അടുത്ത സമ്മറിൽ നെയ്മറെ വിൽക്കാനുള്ള പദ്ധതികൾ പിഎസ്ജിക്കുണ്ട്. എപ്പോഴത്തെയും പോലെ താരത്തിന്റെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾക്ക് പുറമെ ക്ലബിന്റെ വേതനബിൽ അടക്കമുള്ള കാര്യങ്ങൾ ഇതിനു വഴിയൊരുക്കുന്നു.
എന്നാൽ പിഎസ്ജി തന്നെ വിൽക്കാൻ തയ്യാറെടുക്കുന്നുണ്ടെങ്കിലും ക്ലബ് വിടാൻ നെയ്മർ ഒരുക്കമല്ലെന്നാണ് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും ഏതാനും വർഷങ്ങൾ കൂടി പിഎസ്ജിയുമായി കരാർ ബാക്കിയുള്ള താരം ക്ലബിൽ തന്നെ തുടരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. തന്റെ ഉറ്റ സുഹൃത്തായ ലയണൽ മെസി ക്ലബ് വിട്ടാലും നെയ്മർ അടുത്ത സീസണിലും പിഎസ്ജിയിൽ തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Neymar determined to stay at PSG 🇧🇷🇫🇷
— SPORF (@Sporf) February 21, 2023
Neymar is reportedly keen on staying at Paris Saint Germain, even if close friend Lionel Messi decides to depart on a free transfer this summer. #Neymar #PSG #LionelMessi pic.twitter.com/OVQfIClbkw
2025 വരെ കരാറുള്ള താരത്തിന് അത് രണ്ടു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. കരാർ നീട്ടി 2027 വരെ തുടരാനാണ് നെയ്മറുടെ പദ്ധതിയെന്നാണ് ബ്രസീലിയൻ താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പിഎസ്ജി ആരാധകരുമായി അത്ര മികച്ച ബന്ധമില്ലാത്ത താരം ക്ലബിൽ തുടരാൻ തന്നെ തീരുമാനിക്കുന്നതിന്റെ കാരണം വ്യക്തമല്ല. പിഎസ്ജിയിൽ എത്തിയതിനു ശേഷം ബാഴ്സലോണയിലേക്ക് തന്നെ മടങ്ങിപ്പോകാൻ നെയ്മർ ശ്രമിച്ചതാണ് ആരാധകർ താരത്തോട് അകലാൻ കാരണമായത്.
അതേസമയം നെയ്മർക്ക് മികച്ച ഓഫർ നൽകാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്താൻ ശ്രമിക്കുന്ന പിഎസ്ജിക്ക് താരത്തിന്റെ ഇപ്പോഴത്തെ നിലപാട് കൂടുതൽ തിരിച്ചടി നൽകുന്നതാണ്. ഉയർന്ന പ്രതിഫലമാണ് നെയ്മർക്ക് നൽകേണ്ടത് എന്നതിനാൽ തന്നെ വളരെ കുറച്ച് ക്ലബുകൾക്ക് മാത്രമേ താരത്തെ സ്വന്തമാക്കാൻ കഴിയൂ. റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ളബുകളായ ചെൽസി. ന്യൂകാസിൽ എന്നിവയാണ് നെയ്മർക്കായി ശ്രമം നടത്തുന്നത്.