ഒരു മത്സരം പോലും കളിക്കാനാവില്ല, നെയ്മറുടെ ഈ സീസൺ അവസാനിച്ചു
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ ഈ സീസണിലിനി ഒരു മത്സരം പോലും കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. ലില്ലെക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഫൗളിൽ പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണ് മൈതാനത്തു നിന്നും മാറ്റിയത്. ശേഷം നടന്ന രണ്ടു മത്സരങ്ങളിലും താരം ഇറങ്ങിയില്ല. അതിനു പിന്നാലെയാണ് നെയ്മർ ഈ സീസണിൽ കളിക്കില്ലെന്നു പിഎസ്ജി കഴിഞ്ഞ ദിവസം ഔദ്യോഗികമായി വ്യക്തമാക്കിയത്.
ലില്ലെക്കെതിരെ പിഎസ്ജി മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ നെയ്മർ പരിക്കേറ്റു പിൻവലിക്കപ്പെട്ടിരുന്നു. അപ്പോൾ തന്നെ ഗുരുതരമായ പരിക്കാണതെന്ന് തോന്നിയിരുന്നെങ്കിലും സീസൺ മുഴുവൻ നഷ്ടമാകുമെന്ന് കരുതിയിരുന്നില്ല. പരിക്ക് കാരണം ശസ്ത്രക്രിയ വേണ്ടി വന്ന താരത്തിന് ഇനി അതിൽ നിന്നും മുക്തനാവാൻ നാല് മാസത്തോളം സമയം വേണമെന്നാണ് പിഎസ്ജി വ്യക്തമാക്കിയത്.
BREAKING: Neymar’s season is over. A surgery will be carried out in the coming days in Doha. 🚨🔴🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) March 6, 2023
➕ Neymar will not return to collective training for 3-4 months, PSG confirm. pic.twitter.com/RTIlwAWWro
ആംഗിളിനുള്ള പരിക്ക് നെയ്മർക്ക് സ്ഥിരമായി സംഭവിക്കുന്ന ഒന്നാണെന്നും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ താരത്തിന് ശസ്ത്രക്രിയ നടത്തിയെന്നും പിഎസ്ജി വ്യക്തമാക്കുന്നു. ദോഹയിൽ വെച്ചാണ് നെയ്മർക്ക് ശസ്ത്രക്രിയ നടന്നത്. ഇതോടെ ബയേൺ മ്യൂണിക്കിനെതിരെയുള്ള നിർണായക ചാമ്പ്യൻസ് ലീഗ് മത്സരമടക്കം ഈ സീസണിലെ മത്സരങ്ങളെല്ലാം നെയ്മർക്ക് നഷ്ടമാകും. വലിയ നിരാശയാണ് ഈ പരിക്കുകളെങ്കിലും കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് താരം കുറിച്ചു.
I’ll come back stronger 🙏 pic.twitter.com/VBTH9MME02
— Neymar Jr (@neymarjr) March 6, 2023
പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം കളിച്ച മത്സരങ്ങളോളം തന്നെ മത്സരങ്ങൾ പരിക്ക് കാരണം നെയ്മർക്ക് നഷ്ടമായിട്ടുണ്ട്. പല പ്രധാന മത്സരങ്ങളിലും നെയ്മറുടെ അഭാവം ടീമിന് തിരിച്ചടി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ മെസിയുടെ സാന്നിധ്യമുള്ളതിനാൽ ആരാധകർക്ക് ചെറിയൊരു ആശ്വാസമുണ്ട്. നെയ്മർ ഇല്ലെങ്കിലും കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് പിഎസ്ജി ബയേൺ മ്യൂണിക്കിനെ നേരിടാനിറങ്ങുന്നത്.