“മെസി ലോകകപ്പ് അർഹിക്കുന്നു, പക്ഷെ ഞങ്ങൾക്കും കിരീടം വേണം”- ഫ്രഞ്ച് താരം പറയുന്നു
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിരിക്കെ ലയണൽ മെസിയെ പ്രശംസിച്ച് ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെ. ബാഴ്സലോണയിൽ ലയണൽ മെസിക്കൊപ്പം നാല് വർഷത്തോളം കളിച്ചിട്ടുള്ള ഡെംബലെ തന്നെ മികച്ചതാക്കാൻ അർജന്റീന നായകൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ലയണൽ മെസിയുടെ കരിയർ ഒരു ലോകകപ്പ് അർഹിക്കുന്നുണ്ടെന്നു പറഞ്ഞ ഡെംബലെ ഫ്രാൻസിനും ലോകകപ്പ് വേണമെന്നും കൂട്ടിച്ചേർത്തു.
“നാല് മഹത്തായ വർഷങ്ങൾ ഞാൻ മെസിക്കൊപ്പം ബാഴ്സലോണയിൽ ഉണ്ടായിരുന്നു. അസാധാരണ താരമാണദ്ദേഹം. മെസിയും ഇനിയേസ്റ്റയുമാണ് എനിക്ക് ബാഴ്സയോട് ഇഷ്ടമുണ്ടാകാൻ കാരണമായത്. ലോക്കർ റൂമിൽ വളരെ ലാളിത്യമുള്ള കളിക്കാരനാണ് മെസി, യുവതാരങ്ങളെ വളരെയധികം സഹായിക്കുന്നു. മെസി എനിക്കൊരുപാട് നൽകിയിട്ടുണ്ട്. താരത്തിനെ തടുക്കാൻ പ്രയാസമാണ് എന്നതിനാൽ തന്നെ മെസി പന്തു തൊടുന്നത് പരമാവധി കുറക്കുക എന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്.”
Dembélé: "It's going to be very difficult to stop Messi on Sunday, but we'll do our best to make sure he touches the ball as little as possible because he's a very dangerous player." pic.twitter.com/g4jbQ7CUjZ
— Barça Universal (@BarcaUniversal) December 16, 2022
“ഫ്രഞ്ച് ടീം ഫൈനലിൽ എത്തിയിരിക്കുന്നു. ടീമിനും രാജ്യത്തിനും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. എല്ലാ താരങ്ങൾക്കും ഫ്രാൻസിലുള്ള ജനങ്ങൾക്കും ലോകകപ്പ് വേണം, ജേഴ്സിയിൽ മൂന്നാമത്തെ സ്റ്റാർ കൂടി ചേർക്കണം. ലോകകപ്പ് വിജയിക്കുന്നത് മെസിയുടെ കരിയറിന് മഹത്തായൊരു നേട്ടം തന്നെയാണെന്നതിൽ സംശയമില്ല. പക്ഷെ ഞങ്ങൾക്കും ലോകകപ്പ് നേടേണ്ടതുണ്ട്.” ഡെംബലെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാണ് ഡെംബലെ കളിക്കുന്നത്. എന്നാൽ ഈ ലോകകപ്പിൽ ഫ്രാൻസ് മുന്നേറ്റനിരയിൽ പ്രധാനിയാകാൻ ഡെംബലെക്ക് കഴിഞ്ഞു. ബാഴ്സലോണയിലെ മികച്ച ഫോമാണ് അതിനു കാരണമായത്. എംബാപ്പെക്കൊപ്പം തന്നെ വേഗതയും ഡ്രിബ്ലിങ് മികവുമുള്ള മറ്റൊരു താരം കൂടി ഫ്രാൻസ് ടീമിനൊപ്പമുള്ളത് അർജന്റീന പ്രതിരോധത്തിന് വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.