എംബാപ്പയുടെ ചതി, ഇനി പിഎസ്‌ജിക്ക് നെയ്‌മറുടെ കാലിൽ വീണപേക്ഷിക്കാം | PSG

തീർത്തും അപ്രതീക്ഷിതമായാണ് കിലിയൻ എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത്. ഫ്രാൻസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള റിപ്പോർട്ടുകളെല്ലാം താരം ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചുവെന്ന് വ്യക്തമാക്കുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം അത് പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തതോടെ ഈ സമ്മറിൽ തന്നെ എംബാപ്പയെ വിൽക്കേണ്ടി വരുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്.

എംബാപ്പയെ വിൽക്കേണ്ടി വന്നാൽ തുടർച്ചയായി രണ്ടാമത്തെ വമ്പൻ താരത്തെയാണ് പിഎസ്‌ജിക്ക് നഷ്‌ടമാവുക. നേരത്തെ ലയണൽ മെസി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. ഇതിനു പിന്നാലെയാണ് എംബാപ്പയെ വിൽക്കേണ്ടി വരുമെന്ന സാഹചര്യം വന്നിരിക്കുന്നത്. അതോടെ നെയ്‌മർ മാത്രമാകും പിഎസ്‌ജിയിലെ സൂപ്പർതാരം.

എന്നാൽ നെയ്‌മറും ഈ സീസണോടെ പിഎസ്‌ജി വിടാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളുണ്ട്. ക്ലബിലെ ആരാധകർ തനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയതു കൊണ്ടാണ് ഇനിയും നിരവധി വർഷങ്ങൾ കരാർ ബാക്കിയുള്ള താരം ക്ലബ് വിടാനായി ഒരുങ്ങുന്നത്. എന്നാൽ എംബാപ്പെയും ക്ലബ് വിടുന്നതോടെ നെയ്‌മറെ ടീമിനൊപ്പം നിലനിർത്താൻ പിഎസ്‌ജി ശ്രമം നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.

നിലവിലെ സാഹചര്യങ്ങളിൽ നെയ്‌മറെ നിലനിർത്തുക പിഎസ്‌ജിയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ക്ലബിനൊപ്പം തുടരാൻ താരത്തെ സമ്മതിപ്പിക്കുക എന്നത് തന്നെയാണ് അവർക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. അതിനു വഴങ്ങാതെ നെയ്‌മർ കൂടി ക്ലബ് വിടുകയാണെങ്കിൽ പുതിയ നിരവധി താരങ്ങളെ എത്തിച്ച് പുതിയൊരു ടീമിനെ പടുത്തുയർത്തേണ്ട സാഹചര്യമാണ് പിഎസ്‌ജിക്ക് മുന്നിലുള്ളത്.

PSG Need To Convince Neymar To Stay