കർമ ബൂമറാങ് പോലെ തിരിച്ചു വരും, മെസിയെ കൂക്കി വിളിച്ച് എംബാപ്പയെ പിന്തുണച്ച പിഎസ്‌ജി ആരാധകർ നിരാശയുടെ പടുകുഴിയിൽ | PSG

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജിയുമായി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം നേടിയതിനു ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് ഫ്രഞ്ച് ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ഫ്രാൻസിനെ അർജന്റീന തോൽപ്പിച്ചത് തന്നെയാണ് അതിനു കാരണം.

ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിന് എല്ലാ താരങ്ങളും ക്ലബ് നേതൃത്വത്തിന്റെ കൃത്യതയില്ലാത്ത പദ്ധതികളും കാരണമാണെങ്കിലും ലയണൽ മെസിക്കെതിരെയാണ് പ്രതിഷേധം കൂടുതലും ഉണ്ടായത്. താരത്തെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സ്വഭാവമാണ് ആരാധകർ കാണിച്ചത്. ഫ്രാൻസിന്റെ പുറത്തു നിന്നുമുള്ള താരങ്ങളെ ടീമിനു വേണ്ടെന്ന തലത്തിൽ വരെ പ്രതിഷേധം എത്തുകയുണ്ടായി.

ഈ പ്രതിഷേധം കാരണമാണ് ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തത്. മെസിയും നെയ്‌മറും അടക്കമുള്ള താരങ്ങളെ ക്ലബിൽ നിന്നും പുറത്താക്കാൻ വേണ്ടിയുള്ള പ്രതിഷേധം നടത്തിയ ആരാധകർ ഫ്രാൻസിന്റെ താരമായ എമ്പാപ്പെക്ക് വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ കർമ്മ ബൂമറാങ് പോലെ തിരിച്ചു വരുമെന്ന് തെളിയിച്ചാണ് എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തത്.

പിഎസ്‌ജിയോടും പാരീസിനോടുമുള്ള സ്നേഹം തെളിയിച്ച് എംബാപ്പെ ക്ലബിൽ തന്നെ തുടരുമെന്നും താരത്തെ കേന്ദ്രീകരിച്ച് പുതിയൊരു ടീം വരുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയത്. ഫ്രാൻസിൽ തുടരാൻ തനിക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയ എംബാപ്പെ തനിക്ക് പിന്തുണ നൽകിയ ആരാധകരെ ഒരു തരത്തിലും ഗൗനിച്ചില്ലെന്നത് വലിയ നിരാശ തന്നെയാണ്.

റയൽ മാഡ്രിഡിനോടുള്ള സ്നേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള എംബാപ്പെ സ്‌പാനിഷ്‌ ക്ലബ്ബിലേക്ക് തന്നെയാണ് ചേക്കേറുകയെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്തായാലും മെസി, നെയ്‌മർ ആരാധകർ ഇക്കാര്യത്തിൽ സന്തോഷത്തിലാണ്. എംബാപ്പയെ പിന്തുണച്ച് മെസ്സിയെയും നെയ്‌മറെയും പുകച്ച് പുറത്തു ചാടിക്കാൻ ശ്രമിച്ച ആരാധകർക്ക് കിട്ടേണ്ടത് തിരിച്ചു കിട്ടിയിട്ടുണ്ട്.

Karma Hits Back PSG Fans