500 മില്യൺ നൽകി മെസിയെയും നെയ്മറെയും ഒഴിവാക്കാം, എംബാപ്പെ കരാർ പുതുക്കാൻ പിഎസ്ജി നൽകിയത് വമ്പൻ വാഗ്ദാനങ്ങൾ
കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായത് കിലിയൻ എംബാപ്പെ ജനുവരിയിൽ പിഎസ്ജി വിടാൻ തീരുമാനിച്ചുവെന്ന വാർത്തയാണ്. റിപ്പോർട്ടുകൾ പ്രകാരം സമ്മറിൽ കരാർ പുതുക്കുന്ന സമയത്ത് പിഎസ്ജി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നതിനെ തുടർന്നാണ് പിഎസ്ജി നേതൃത്വവുമായി എംബാപ്പെ അകലുന്നത്. ലയണൽ മെസിയെയും നെയ്മറെയും ക്ലബിൽ നിന്നും ഒഴിവാക്കാം എന്ന വാഗ്ദാനവും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
കരാർ പുതുക്കുന്ന സമയത്ത് ഈ രണ്ടു താരങ്ങളും ക്ലബ് വിടുമെന്നും എംബാപ്പെ തന്നെയാകും പിഎസ്ജിയുടെ പ്രധാന താരമെന്നും പിഎസ്ജി ഉറപ്പു നൽകിയിരുന്നു. എംബാപ്പെക്ക് ആവശ്യമാണെങ്കിൽ ഈ രണ്ടു താരങ്ങളുടെയും കരാർ റദ്ദാക്കാൻ 500 മില്യൺ യൂറോ കരുതി വെച്ചിട്ടുണ്ടെന്നും അവർ അറിയിച്ചുവെന്നാണ് മാർക്ക പറയുന്നത്. എന്നാൽ ഈ രണ്ടു താരങ്ങളും ക്ലബിൽ തന്നെ തുടരുകയാണ് ചെയ്തത്. ഇതിനു പുറമെ പിഎസ്ജി വിൽക്കാൻ ശ്രമിച്ച നെയ്മർ ക്ലോസ് ഉപയോഗിച്ച് തന്റെ കരാർ നീട്ടുകയും ചെയ്തു.
ലയണൽ മെസിക്കൊപ്പം ഒത്തുപോകാൻ എംബാപ്പെക്ക് അത്ര പ്രശ്നങ്ങൾ ഇല്ലായിരുന്നു എങ്കിലും നെയ്മറുടെ കാര്യത്തിൽ അതു നേരെ തിരിച്ചായിരുന്നു. പലപ്പോഴും വിവാദങ്ങളിൽ ചെന്നു ചാടുന്ന താരത്തിന്റെ സാന്നിധ്യം ടീമിൽ നിന്നും ഒഴിവാക്കാൻ എംബാപ്പെ ആവശ്യപ്പെട്ടപ്പോൾ താരം കരാർ പുതുക്കി അതിനോട് പ്രതികരിച്ചത് എംബാപ്പയെ കൂടുതൽ അസ്വസ്ഥനാക്കി. കരാർ പുതുക്കുന്ന സമയത്ത് ഈ താരങ്ങളെ ഒഴിവാക്കാമെന്ന വാഗ്ദാനം പിഎസ്ജി നൽകിയെങ്കിലും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ ബാധിക്കുമെന്നതിനാൽ അവരത് നടപ്പിലാക്കുകയും ചെയ്തില്ല.
Promise was made in case Mbappe wanted them to leave https://t.co/k8tKiwqDxV
— MARCA in English (@MARCAinENGLISH) October 13, 2022
ടീമിന്റെ പദ്ധതികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരമാക്കി മാറ്റാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നാണ് എംബാപ്പെ കരുതുന്നത്. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് പിഎസ്ജിയുടേതെങ്കിലും എംബാപ്പെയെക്കാൾ ടീമിൽ തിളങ്ങുന്നത് ലയണൽ മെസിയും നെയ്മറുമാണ്. എംബാപ്പെയുടെ ആവശ്യം മുൻനിർത്തി ഡി മരിയ, പരഡെസ് തുടങ്ങിയ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും മെസി, നെയ്മർ കൂട്ടുകെട്ട് ടീമിന്റെ പ്രധാനികളായി മാറുന്നത് തടയാൻ കഴിഞ്ഞില്ല.
സമ്മറിൽ മൊണോക്കോ താരമായ ഒറീലിയൻ ചുവാമേനിയെ ടീമിലെത്തിക്കണമെന്ന എംബാപ്പയുടെ ആവശ്യവും നടപ്പിലാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് മധ്യനിര താരത്തെ നൂറു മില്യൺ നൽകി റയൽ മാഡ്രിഡാണ് സ്വന്തമാക്കിയത്. ഇതിനു പകരം വിറ്റിന്യ, റെനാറ്റോ സാഞ്ചസ് എന്നിവരെയാണ് പിഎസ്ജി ടീമിലെത്തിച്ചത്. കരാർ പുതുക്കിയ സമയത്ത് പിഎസ്ജി നൽകിയ നിരവധി വാഗ്ദാനങ്ങളൊന്നും അവർ പാലിക്കാത്തതു കൊണ്ട് ക്ലബ് തന്നെ വഞ്ചിച്ചുവെന്ന ധാരണയുടെ പുറത്താണ് എംബാപ്പെ ക്ലബ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.