ലോകകപ്പ് സ്ക്വാഡിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കുമെന്ന് അർജന്റീന പരിശീലകൻ
യുഎഇയുമായുള്ള ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ സ്ക്വാഡിൽ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകൾ നൽകി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഇന്നലെ നടന്ന മത്സരത്തിൽ ഫിറ്റ്നസ് മൂലം ചില താരങ്ങൾ കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതു കണക്കിലെടുത്താണ് ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് ലിസ്റ്റിൽ മാറ്റം വരുത്താൻ സ്കലോണി ആലോചിക്കുന്നത്.
ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ചില താരങ്ങൾ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതു കൊണ്ട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടുവെന്നും അതു പരിഗണിച്ച് സ്ക്വാഡിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്നും സ്കലോണി പറഞ്ഞത്. സ്ക്വാഡിൽ മാറ്റം വരുത്താൻ നൂറ് ശതമാനം സാധ്യതയില്ലെങ്കിലും ചില താരങ്ങൾ പൂർണമായും സുഖപ്പെടാത്തതിനാൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
Argentina coach Lionel Scaloni: "List for World Cup could change". https://t.co/es15ZkYZQd
— Roy Nemer (@RoyNemer) November 16, 2022
ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയെങ്കിലും അതൊരു അസ്വസ്ഥമായ മത്സരമായിരുന്നുവെന്നാണ് പരിശീലകൻ പറയുന്നത്. കളിക്കാനിറങ്ങുമ്പോൾ നൂറു ശതമാനം നൽകാൻ കഴിയണം. എന്നാൽ ചിലർ മുൻകരുതലിനെ ഭാഗമായി കളിച്ചിട്ടില്ലെന്നും അവർക്ക് തുടരാൻ കഴിയുമോ എന്ന കാര്യം വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തിരണ്ടിന് അർജന്റീനയുടെ ആദ്യത്തെ മത്സരം നടക്കാനിരിക്കുന്നതിനാൽ അതിന് ഒരു ദിവസം മുൻപെങ്കിലും അന്തിമ ലിസ്റ്റ് തീരുമാനിക്കണം. നിലവിൽ നിക്കോ ഗോൺസാലസ്, മാർക്കോസ് അക്യൂന, പൗളോ ഡിബാല, ക്രിസ്റ്റ്യൻ റോമെറോ, പപ്പു ഗോമസ് എന്നീ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇവർക്ക് പകരം ഏതു താരത്തെ വേണമെങ്കിലും സ്കലോണിക്ക് ടീമിലേക്ക് വിളിക്കാം.