അടുത്ത ലോകകപ്പ് കളിക്കാൻ മെസിക്കുള്ള ജേഴ്സി തയ്യാറാണ്, താരം തുടരണമെന്ന് സ്കലോണി
ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിനു ശേഷം ലയണൽ മെസി പറഞ്ഞിരുന്നു. ലോകകപ്പ് നേടിയതിനു ശേഷം അർജന്റീന ടീമിൽ വീണ്ടും കളിക്കുമെന്നു പറഞ്ഞെങ്കിലും അടുത്ത ലോകകപ്പിൽ താൻ ഉണ്ടാകില്ലെന്ന തീരുമാനം ലയണൽ മെസി മാറ്റിയിരുന്നില്ല. എന്നാൽ ലയണൽ മെസിക്ക് അടുത്ത ലോകകപ്പ് കളിക്കാൻ തോന്നുകയാണെങ്കിൽ താരത്തിന്റെ പത്താം നമ്പർ ജേഴ്സി മാറ്റി വെക്കുമെന്നാണ് ഇന്നലത്തെ ലോകകപ്പ് ഫൈനലിനു ശേഷം പരിശീലകൻ സ്കലോണി പറഞ്ഞത്.
നേരത്തെ ലോകകപ്പിനു ശേഷം ലയണൽ മെസി ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം തുടരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ലോകകപ്പ് ജേതാവായി അർജന്റീനയ്ക്കു വേണ്ടി ഇനിയും കളിക്കണമെന്നാണ് മെസി ഫൈനൽ വിജയത്തിന് ശേഷം പറഞ്ഞത്. അർജന്റീന ടീമിനൊപ്പം തുടരാനുള്ള മെസിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തതിനു ശേഷമാണ് അടുത്ത ലോകകപ്പ് ടീമിലും മെസിക്ക് ഇടം നൽകുമെന്ന് സ്കലോണി പറഞ്ഞത്.
Lionel Scaloni: “Messi should have a place in the next World Cup, we want him to continue”. ⭐️🇦🇷 #Argentina
“If he wants to keep playing, the '10' will always be ready for Lionel”. pic.twitter.com/hQjEPqy7hV
— Fabrizio Romano (@FabrizioRomano) December 18, 2022
“മെസിക്ക് കളിക്കണമെന്ന് തോന്നുകയാണെങ്കിൽ അടുത്ത ലോകകപ്പിനായി മെസിയുടെ പത്താം നമ്പർ ജേഴ്സി കാത്തു വെക്കണമെന്നാണ് ഞാൻ കരുതുന്നത്. തന്റെ കരിയറിൽ എന്തു ചെയ്യാനുമുള്ള അവകാശം താരത്തിനിപ്പോഴുണ്ട്. തന്റെ സഹതാരങ്ങൾക്ക് മെസി പകർന്നു നൽകിയത് അവിശ്വസനീയമായ കാര്യങ്ങളാണ്. ഡ്രസിങ് റൂമിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്ന മറ്റൊരു താരത്തെ ഞാൻ കണ്ടിട്ടില്ല.” ലയണൽ സ്കലോണി പറഞ്ഞു.
അടുത്ത ലോകകപ്പിലും അർജന്റീനക്കായി കളിക്കാൻ മെസിയെ സ്വാഗതം ചെയ്തെങ്കിലും താരം അതിനുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ 35 വയസുള്ള ലയണൽ മെസിക്ക് അടുത്ത ലോകകപ്പ് സമയത്ത് പ്രായം നാല്പത്തിനടുത്തായിരിക്കും. ഫുട്ബോൾ കൂടുതൽ കായികപരമായി മാറുന്ന ഈ കാലത്ത് അതിനോട് ഇണങ്ങിച്ചേർന്നു പോകാൻ മെസിക്ക് കഴിയുമോയെന്ന് കണ്ടറിയേണ്ടതാണ്. അതേസമയം അർജന്റീനക്കൊപ്പം 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസി കളിക്കാനുള്ള സാധ്യതയുണ്ട്.