ലയണൽ മെസിക്ക് പിഎസ്ജിയിൽ നൽകിയ സ്വീകരണത്തിൽ നിന്നും എംബാപ്പെ വിട്ടു നിന്നതിന്റെ കാരണമിതാണ്
ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ തന്റെ കരിയറിനെ മെസി പൂർണതയിൽ എത്തിക്കുകയുണ്ടായി. ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയതിനു ശേഷം പിന്നീട് അർജന്റീനയിലേക്കു പോയ ലയണൽ മെസി ക്ലബിനൊപ്പം ചേരാൻ വൈകിയിരുന്നു. ഇതേതുടർന്ന് രണ്ടു മത്സരങ്ങൾ നഷ്ടമായ മെസി കഴിഞ്ഞ ദിവസമാണ് തന്റെ ക്ലബായ പിഎസ്ജിയിലേക്ക് തിരിച്ചെത്തിയത്. ഫ്രാൻസിനെയാണ് മെസി ഫൈനലിൽ തോൽപ്പിച്ചത് എന്നൊന്നും വിഷയമാക്കാതെ നിരവധി ഫ്രഞ്ച് ആരാധകർ മെസിയെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.
പിഎസ്ജിയിൽ എത്തിയ ലയണൽ മെസിക്ക് ചെറിയൊരു സ്വീകരണം ട്രെയിനിങ് ഗ്രൗണ്ടിൽ നൽകുകയുണ്ടായി. സഹതാരങ്ങളെല്ലാം നിന്നു കൊണ്ടുള്ള ഗാർഡ് ഓഫ് ഓണറാണ് ലയണൽ മെസിക്ക് പിഎസ്ജി നൽകിയത്. അതിനു ശേഷം പിഎസ്ജി സ്പോർട്ടിങ് ഡയറക്റ്റർ താരത്തിന് ചെറിയൊരു ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ലോകകപ്പ് വിജയത്തോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ഉയർന്ന ലയണൽ മെസിയെ അഭിനന്ദിക്കാൻ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ അടക്കമുള്ളവർ ഉണ്ടായിരുന്നു.
അതേസമയം ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വിറപ്പിച്ചെങ്കിലും ഒടുവിൽ പരാജയം വഴങ്ങേണ്ടി വന്ന കിലിയൻ എംബാപ്പെ മെസിക്ക് നൽകിയ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുത്തിരുന്നില്ല. ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന്റെ രണ്ടാം ദിവസം തന്നെ താരം പിഎസ്ജി ടീമിലേക്ക് തിരിച്ചു വന്നിരുന്നു. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിൽ ടീമിനായി കളിക്കുകയും ചെയ്തു. ഇതിനു ശേഷം താരത്തിന് ക്ലബ് ഒരു ഇടവേള അനുവദിച്ചിരുന്നു. അതു കാരണമാണ് എംബാപ്പെ മെസിക്ക് നൽകിയ അഭിനന്ദന ചടങ്ങിൽ പങ്കെടുക്കാതിരുന്നത്.
Guard of honour for world champion Leo Messi 🇦🇷🏆
— UEFA Champions League (@ChampionsLeague) January 4, 2023
📽️: @PSG_inside #UCL pic.twitter.com/tRqBxS8Hto
മെസിക്കു മുന്നിൽ കീഴടങ്ങേണ്ടി വന്നെങ്കിലും താരവുമായി യാതൊരു ഈഗോ പ്രശ്നങ്ങളും ഇല്ലെന്ന് എംബാപ്പെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഡിസംബർ 28നു സ്ട്രോസ്ബർഗിനെതിരെ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി വിജയഗോൾ നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും ഗോളുകളും വിജയങ്ങളും നേടണമെന്നുമാണ് എംബാപ്പെ പ്രതികരിച്ചത്. ലോകകപ്പ് വിജയത്തിൽ ലയണൽ മെസിക്ക് അഭിനന്ദനങ്ങൾ നൽകിയിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ലയണൽ മെസിയുടെ വരവിനായി പിഎസ്ജിയും കാത്തിരിക്കുകയാണ്. താരവും നെയ്മറും ഇല്ലാതെയിറങ്ങിയ കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി തോൽവി വഴങ്ങിയിരുന്നു. ലോകകപ്പിനു മുൻപ് തകർപ്പൻ പ്രകടനം നടത്തിയ മെസി, നെയ്മർ എംബാപ്പെ സഖ്യം വീണ്ടും കളിക്കളത്തിൽ എത്തിയാൽ ആരാധകർക്കും അത് ആവേശമായിരിക്കും. അതേസമയം കിരീടങ്ങൾ ഉറപ്പിക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി പ്രതിരോധനിരയെ അഴിച്ചു പണിയേണ്ടത് ആവശ്യമാണ്.