എംബാപ്പയെ വിടാതെ കളിയാക്കി എമിലിയാനോ മാർട്ടിനസ്, ഓവറാണെന്ന് ആരാധകർ
ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ഫൈനൽ മത്സരത്തിൽ കിലിയൻ എംബാപ്പെ നടത്തിയ പ്രകടനം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1966 ലോകകപ്പിൽ ഇംഗ്ലണ്ട് താരമായ ജിയോഫ് ഹെർസ്റ്റ് മാത്രമാണ് ഇതിനു മുൻപ് ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയ താരം.
ഫൈനലിൽ ഹീറോയായ പ്രകടനം നടത്തിയ എംബാപ്പെ അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ മൂന്നു തവണയാണ് കീഴടക്കിയത്. മത്സരത്തിന്റെ അന്തിമവിധിയെഴുതിയ പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്‌തു. അതുകൊണ്ടു തന്നെ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു ശേഷം എംബാപ്പയെ നിരന്തരം കളിയാക്കുകയാണ് അർജന്റീനിയൻ ഗോൾകീപ്പർ.
Si Emiliano Martinez peut se permettre de chambrer autant Kylian Mbappé, c'est parce qu'il sait très bien que ce n'est pas en jouant le maintien en Premier League qu'il risque de recroiser sa route. pic.twitter.com/6pWnovxG4P
— SO FOOT (@sofoot) December 20, 2022
മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ എംബാപ്പെക്കു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാൻ പറഞ്ഞ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം അർജന്റീന ടീം നടത്തിയ പരേഡിലും എംബാപ്പയെ കളിയാക്കി. എംബാപ്പയെ ചെറിയ കുട്ടിയായി ചിത്രീകരിക്കുന്ന, ആരാധകർ എറിഞ്ഞു കൊടുത്ത പാവയെ ദേഹത്തടുക്കിപ്പിടിച്ച് നിൽക്കുന്ന എമിലിയാനോ മാർട്ടിനസിന്റെ ചിത്രം ഇപ്പോൾ വൈറലാണ്.
എംബാപ്പയെ വിടാതെ കളിയാക്കുന്ന എമിലിയാനോ മാർട്ടിനസിന്റെ പ്രവൃത്തി പല ഭാഗത്തു നിന്നും വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. വർണവെറിയുടെ തലത്തിൽ വരെ അതെത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം ലോകകപ്പിനു മുൻപ് ലാറ്റിനമേരിക്കൻ ഫുട്ബോളിനെ കുറ്റം പറഞ്ഞ എംബാപ്പെ അർഹിക്കുന്നതാണ് എമിലിയാനോയുടെ കളിയാക്കലെന്നും ഒരു വിഭാഗം പറയുന്നു.