മെസിയും റൊണാൾഡോയും നെയ്മറുംയും ലെവൻഡോസ്കിയുമില്ല, 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ തിരഞ്ഞെടുത്ത് ഫാബിയോ കാപല്ലോ
ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോസ്കി എന്നീ സൂപ്പർതാരങ്ങളെ ഒഴിവാക്കി 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ തിരഞ്ഞെടുത്തത് മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപല്ലോ. ഖത്തർ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ടിനോട് സംസാരിക്കുന്ന സമയത്താണ് ടൂർണമെന്റിൽ അണിനിരക്കാൻ പോകുന്ന ടീമുകളിൽ നിന്നുള്ള ഏറ്റവും മികച്ച താരങ്ങളുടെ ഇലവനെ മുൻ ഇംഗ്ലണ്ട്, റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ കാപല്ലോ തിരഞ്ഞെടുത്തത്.
അഞ്ചു വർഷത്തോളം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച വ്യക്തിയായിട്ടും തന്റെ ലോകകപ്പ് ഇലവനിൽ രണ്ട് ഇംഗ്ലീഷ് താരങ്ങളെ മാത്രമേ കാപല്ലോ ഉൾപ്പെടുത്തിയിട്ടുള്ളൂ. ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡും മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനുമാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. അലക്സാണ്ടർ അർണോൾഡ് ലോകകപ്പ് ടീമിന്റെ ഭാഗമാകുമെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കെയാണ് കാപല്ലോ തന്റെ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
റയൽ മാഡ്രിഡ് താരം തിബോ ക്വാർട്ടുവായെ ഗോൾകീപ്പറായി തിരഞ്ഞെടുത്ത കാപല്ലോയുടെ പ്രതിരോധത്തിൽ ട്രെന്റിനു പുറമെ വെയിൽസ് താരം ബെൻ ഡേവിസാണ് ഫുൾ ബാക്കായി പരിഗണിക്കപ്പെട്ടത്. സെന്റർ ബാക്കുകളായി വാൻ ഡൈക്ക്, മാർക്വിന്യോസ് എന്നിവരും മധ്യനിരയിൽ കസമീറോ, ലൂക്ക മോഡ്രിച്ച് കെവിൻ ഡി ബ്രൂയ്ൻ എന്നീ താരങ്ങളുമാണുള്ളത്. മുന്നേറ്റനിരയിൽ ഫിൽ ഫോഡനൊപ്പം കിലിയൻ എംബാപ്പെയും കരിം ബെൻസിമയും ഇടം പിടിച്ചു.
Former England manager Fabio Capello has named his ideal all-star team for the 2022 FIFA World Cup but has snubbed Lionel Messi in it. https://t.co/FEPDnnRKFq
— Sportskeeda Football (@skworldfootball) October 24, 2022
ഈ സീസണിൽ പതറുന്ന റൊണാൾഡോ ഇലവനിൽ ഇടം പിടിക്കാതിരുന്നതിൽ അത്ഭുതമില്ലെങ്കിലും സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസി, നെയ്മർ എന്നിവരും യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ ലെവൻഡോസ്കിയും ഉൾപ്പെട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ടീമിൽ നിന്ന് ട്രെന്റിനെ തഴഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് താരം കാപല്ലോയുടെ ടീമിലിടം നേടിയതും.