“ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവം അവർക്കുണ്ടായിരുന്നു”- പിഎസ്‌ജിയെ തകർത്ത അർജന്റീന താരം പറയുന്നു | Lionel Messi

പുതുവർഷം പിഎസ്‌ജിയെ സംബന്ധിച്ച് ഒട്ടും മികച്ചതായിരുന്നില്ല. 2023ൽ നടന്ന ആദ്യത്തെ മത്സരത്തിൽ തന്നെ ഈ സീസണിലെ ആദ്യത്തെ തോൽവി ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലെൻസിനോട് വഴങ്ങിയിരിക്കുകയാണ് പിഎസ്‌ജി. ലെൻസിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണു പിഎസ്‌ജി നേരിട്ടത്. ലയണൽ മെസിയും നെയ്‌മറും ഇല്ലാത്തതിന്റെ അഭാവം പിഎസ്‌ജി നേരിട്ടുവെന്ന് മത്സരത്തിൽ നിന്നും വ്യക്തമായിരുന്നു. മെസി ലോകകപ്പിന് ശേഷം ക്ലബിനൊപ്പം ചേരാത്തതിനാലും നെയ്‌മർക്ക് സസ്‌പെൻഷൻ കാരണവുമാണ് മത്സരം നഷ്‌ടമായത്.

പിഎസ്‌ജിയെ കീഴടക്കിയ ലെൻസ് ടീമിനായി മികച്ച പ്രകടനം നടത്തിയവരിൽ ഒരു അർജന്റീന താരവുമുണ്ടായിരുന്നു. ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ പ്രാഥമിക സ്‌ക്വാഡിൽ അംഗമായിരുന്ന പ്രതിരോധതാരമായ ഫാകുണ്ടോ മെദിനയാണ് ലെൻസിനായി മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്. ഇരുപത്തിമൂന്നു വയസുള്ള താരം ലോകകപ്പിനുള്ള അമ്പതു പേരുടെ പ്രാഥമിക സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഒഴിവാക്കപ്പെട്ടു. പിഎസ്‌ജിക്കെതിരായ മത്സരത്തിനു ശേഷം വിജയത്തെക്കുറിച്ചും ലയണൽ മെസി, നെയ്‌മർ എന്നിവരുടെ അഭാവത്തെക്കുറിച്ചും മുൻ റിവർപ്ലേറ്റ് താരം സംസാരിക്കുകയുണ്ടായി.

“എതിരാളികളായ ടീമിനെന്തു പറ്റിയെന്ന് സംസാരിക്കാൻ ഞാനാളല്ല. അവർക്ക് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവമുണ്ടായിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെ തന്നെ നെയ്‌മറുടെയും. പക്ഷെ ഞങ്ങൾ ഞങ്ങളുടെ കയ്യിലുള്ള വിഭവങ്ങൾ വെച്ച്, ഏതു താരമാണ് മുന്നിലുള്ളതെന്നു നോക്കാതെ ഏറ്റവും നല്ല രീതിയിൽ മത്സരം കളിക്കാൻ ശ്രമിച്ചു. ഇന്ന് സംഭവിച്ചത് ഇനിയുള്ള ദിവസങ്ങളിലും തുടരാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” താരം പറഞ്ഞു.

അർജന്റീനയുടെ ലോകകപ്പ് വിജയത്തെക്കുറിച്ചും മെദിന മത്സരത്തിന് ശേഷം പറഞ്ഞു. “ലോകകപ്പ് സമയത്ത് എന്റെ കുടുംബവും എനിക്കൊപ്പം ഉണ്ടായിരുന്നു. വളരെ മികച്ച അനുഭവമാണ് അതു നൽകിയത്. അർജന്റീന ടീം വളരെ ബുദ്ധിമുട്ടി, പക്ഷെ എല്ലാറ്റിനെയും മറികടന്ന് മുന്നോട്ടു പോയതിൽ എല്ലാ അർജന്റീനക്കാരെയും പോലെ ഞാനും സന്തോഷവാനാണ്. നിരവധി താരങ്ങൾ മികച്ച പ്രകടനം നടത്തി, അവരെന്റെ കൂടെ യൂത്ത് ടീമിൽ കളിച്ചവരായതിനാൽ അതെനിക്ക് സന്തോഷം നൽകി. ഇനിയും അർജന്റീന ഈ ഫോമിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.” മെദിന കൂട്ടിച്ചേർത്തു.

മത്സരത്തിൽ വിജയം നേടിയതോടെ പിഎസ്‌ജിയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറക്കാൻ ലെൻസിനു കഴിഞ്ഞിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് നാല്പത്തിനാല് പോയിന്റുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലെൻസിന് നാൽപതു പോയിന്റാണ് നേടാൻ കഴിഞ്ഞത്. പിഎസ്‌ജിയെ തന്നെ കീഴടക്കാൻ കഴിഞ്ഞതോടെ ഈ സീസണിലെ ഫ്രഞ്ച് ലീഗ് കിരീടത്തിനു വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ലെൻസ് താരങ്ങൾക്ക് വർധിച്ചിട്ടുണ്ട്.