ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന്റെ യാതൊരു പ്രശ്നങ്ങളുമില്ല, എഴുനൂറാം ഗോളിന്റെ സന്തോഷം എംബാപ്പക്കൊപ്പം മതിമറന്ന് ആഘോഷിക്കുന്ന ലയണൽ മെസി
കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മാഴ്സക്കെതിരെ പിഎസ്ജി വിജയം നേടിയപ്പോൾ താരമായത് ലയണൽ മെസിയും എംബാപ്പയുമായിരുന്നു. ലയണൽ മെസി ഒരു ഗോളും രണ്ട് അസിസ്റ്റും മത്സരത്തിൽ നേടിയപ്പോൾ എംബാപ്പെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ രണ്ടു താരങ്ങൾ തന്നെയാണ് പിഎസ്ജി നേടിയ മൂന്നു ഗോളിലും പങ്കാളികളായത്. ഇവരുടെ മികവിൽ മത്സരത്തിൽ വിജയം നേടിയ പിഎസ്ജി ലീഗിലെ പോയിന്റ് വ്യത്യാസം എട്ടാക്കി വർധിപ്പിച്ചു.
ഖത്തർ ലോകകപ്പിന് ശേഷം പിഎസ്ജിയിൽ അധികം തിളങ്ങാൻ കഴിയാതെ പോയ ലയണൽ മെസി കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ തകർപ്പനൊരു ഫ്രീ കിക്ക് ഗോളിൽ പിഎസ്ജിയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ആ ഗോൾ താരത്തിന്റെ ആത്മവിശ്വാസം തിരിച്ചു കൊണ്ടു വന്നുവെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു. മത്സരത്തിൽ പിഎസ്ജിയുടെ രണ്ടാമത്തെ ഗോൾ നേടിയതോടെ ക്ലബ് തലത്തിൽ എഴുനൂറു ഗോളുകളെന്ന നേട്ടവും മെസി സ്വന്തമാക്കി.
An assist and Goal by Lionel Messi against Marseille. #LionelMessi𓃵 #LionelMessi #LeoMessi #LeoMessi𓃵 #Messi pic.twitter.com/S6W9Q4Qwso
— Suhail Ganai (@Suhail_G_Tweets) February 27, 2023
മെസിയുടെ ഗോളിന് ക്രോസിലൂടെ അസിസ്റ്റ് നൽകിയത് എംബാപ്പെ ആയിരുന്നു. തന്റെ എഴുനൂറാം ഗോൾ നേടിയത് എംബാപ്പയുമായി നിറഞ്ഞ സന്തോഷം പ്രകടിപ്പിച്ചാണ് മെസി ആഘോഷിച്ചത്. ഗോൾ നേടിയ ഉടനെ അസിസ്റ്റ് നൽകിയ എംബാപ്പെക്ക് നേരെ വിരൽചൂണ്ടി ഓടിയടുത്ത മെസി താരത്തെ വലിയ സന്തോഷത്തോടെ കെട്ടിപ്പുണർന്നാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ആരാധകരുടെയും മനസ് നിറഞ്ഞ കാഴ്ച്ചയായിരുന്നു അത്.
Kylian Mbappé makes PSG history as he’s now club’s joint all-time top scorer levelling Edinson Cavani on 200 goals scored 🔴🔵✨ #PSG
— Fabrizio Romano (@FabrizioRomano) February 26, 2023
It’s 29 goals in 29 games with PSG for Kylian Mbappé this season 💯
…and one more fantastic assist by Leo Messi, second of the night 🧞♂️ pic.twitter.com/sqncUPibTh
മെസിയുടെയും എംബാപ്പയുടെയും അടുത്ത സുഹൃത്തുക്കളായ നെയ്മറും ഹക്കിമിയും ഇന്നലത്തെ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. ഇവർ ഇല്ലാതിരുന്ന മത്സരത്തിൽ മെസിയും എംബാപ്പയും ഒത്തിണക്കത്തോടെ കളിച്ചു. ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിനു ശേഷം രണ്ടു താരങ്ങൾക്കുമിടയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകളെ ഇല്ലാതാക്കുന്നതായിരുന്നു ഈ രംഗം. ഇരുവരും ഒത്തിണക്കം കാണിക്കുന്നത് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് പ്രതീക്ഷയാണ്.