ലോകകപ്പിനു ശേഷം മെസിയുടെ ആത്മാർത്ഥത ഇല്ലാതെയായി, താരത്തിനെതിരെ ഫ്രാൻസിൽ വിമർശനം
റെന്നെസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജി തോൽവി വഴങ്ങിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനം ഉയരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി തോൽവി വഴങ്ങിയിരുന്നു. ലയണൽ മെസിയും നെയ്മറും ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ രണ്ടു താരങ്ങളും മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ എംബാപ്പയും കളിച്ചെങ്കിലും തോൽവി ഒഴിവാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞില്ല.
മത്സരത്തിനു ശേഷം ഫ്രാൻസിലെ മാധ്യമങ്ങളാണ് ലയണൽ മെസിക്കെതിരെ വിമർശനം നടത്തിയത്. ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം ഫ്രഞ്ച് ക്ലബിൽ മടങ്ങിയെത്തിയ ലയണൽ മെസിക്ക് കളിക്കളത്തിൽ പഴയ തീവ്രത നഷ്ടമായെന്ന രീതിയിലാണ് മാധ്യമങ്ങൾ താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടം വരാനിരിക്കുന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ആർഎംസി സ്പോർട്ടാണ് ഇക്കാര്യത്തിൽ മെസിക്കെതിരെ നിശിതമായ വിമർശനം നടത്തിയത്. ഈ സീസണിന്റെ ആദ്യപകുതിയിൽ ലയണൽ മെസി നന്നായി കളിച്ചുവെന്നും അത് ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നുമാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം തിരിച്ചു വന്ന ലയണൽ മെസി പഴയതു പോലെ ആത്മാർത്ഥത പരിശീലനത്തിലും ട്രൈനിങ്ങിലും കാണിക്കുന്നില്ലെന്നും അവർ പറയുന്നു.
RMC Sport take Messi potshot after Rennes loss: “He had half a good season ahead of the World Cup”https://t.co/a7pujBHJvH
— AS USA (@English_AS) January 16, 2023
ഇതിനു പുറമെ എൽ എക്വിപ്പെ, ലെ പാരീസിയൻ തുടങ്ങിയ മാധ്യമങ്ങളും ലയണൽ മെസിക്കെതിരെ വിമർശനം നടത്തി. മെസി തന്റെ നിലവാരത്തിലേക്ക് ഉയർന്നില്ല എന്നു പറഞ്ഞ എൽ എക്വിപ്പെ താരത്തിന് പത്തിൽ നാല് മാത്രമാണ് റേറ്റിങ് നൽകിയത്. അതേസമയം ലെ പാരീസിയൻ മെസിയുടെ കളിക്കളത്തിലെ സ്വാധീനം പരിമിതമായിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടി. താരത്തിന്റെ പാസുകൾ അടക്കം പഴയ നിലവാരം പുലർത്തുന്നില്ലെന്നാണ് അവർ പറയുന്നത്.
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസി ഇനി തന്റെ കരിയറിൽ നേടാൻ യാതൊന്നും ബാക്കിയില്ല. എന്നാൽ താരത്തിനെ വിമർശിക്കാൻ അതൊരു കാരണമാക്കാൻ കഴിയില്ല. ലോകകപ്പ് കഴിഞ്ഞതിനു ശേഷം മെസി കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമായിരുന്നു റെന്നെസിനെതിരെ നടന്നത്. ഇതിനു മുൻപ് നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ താരം റെന്നെസിനെതിരെ എംബാപ്പെക്ക് ഒരു സുവർണാവസരം സൃഷ്ടിച്ചു കൊടുത്തിരുന്നു.