അവസാന മിനുട്ടിൽ മെസിയുടെ മാന്ത്രിക അസിസ്റ്റിൽ പിഎസ്ജിക്ക് വിജയം, മെസിക്ക് ചരിത്രനേട്ടം
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന്റെ നിരാശയിൽ നിൽക്കുന്ന പിഎസ്ജിക്ക് ആശ്വാസം നൽകി ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ബ്രെസ്റ്റിനെതിരെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി ബ്രെസ്റ്റിന്റെ മൈതാനത്ത് വിജയം നേടിയത്. കാർലസ് സോളറിന്റെ ഗോളിൽ മുന്നിലെത്തിയ പിഎസ്ജിക്കെതിരെ ഹോണോറാട്ടിന്റെ ഗോളിൽ ബ്രെസ്റ്റ് തിരിച്ചടിക്കുമെങ്കിലും അവസാന മിനുട്ടിൽ എംബാപ്പെയാണ് പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തു.
മത്സരത്തിൽ ഒരിക്കൽക്കൂടി മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. തൊണ്ണൂറാം മിനുട്ടിൽ എംബാപ്പെ നേടിയ ഗോളിന് ഒരു വൺ ടച്ച് പാസിലൂടെ അസിസ്റ്റ് നൽകിയത് മെസിയായിരുന്നു. തന്റെ റണ്ണിനെ കൃത്യമായി മനസിലാക്കി മെസി നൽകിയ പാസ് സ്വീകരിച്ചതിനു ശേഷം ഗോൾകീപ്പറെ മറികടക്കേണ്ട ഉത്തരവാദിത്വം മാത്രമേ എംബാപ്പക്കുണ്ടായിരുന്നുള്ളൂ. ഇതോടെ ലീഗിലെ ടോപ് സ്കോറർ സ്ഥാനത്തേക്ക് എംബാപ്പെ എത്തി.
MESSI ASSIST. MBAPPE GOALpic.twitter.com/srx30LCE6E
— ᴅᴇᴠᴀ ᴋɪʀᴀɴ ᴅᴋ (@DevakiranDK) March 11, 2023
അതേസമയം എംബാപ്പെക്ക് നൽകിയ അസിസ്റ്റിലൂടെ ഒരു ചരിത്രനേട്ടം കൂടി ലയണൽ മെസി സ്വന്തമാക്കി. അർജന്റീന താരത്തിന്റെ ക്ലബ് കരിയറിലെ മുന്നൂറാമത്തെ അസിസ്റ്റാണ് ഇന്നലെ പിറന്നത്. മറ്റൊരു ഫുട്ബോൾ താരത്തിനും ഈ നേട്ടം അവകാശപ്പെടാൻ കഴിയില്ല. കഴിഞ്ഞ ദിവസം എഐഎഫ്എഫ്എച്ച്എസിന്റെ 2006 മുതലുള്ള ഏറ്റവും മികച്ച പ്ലേ മേക്കറായി മെസിയെ തിരഞ്ഞെടുത്തതിൽ യാതൊരു അത്ഭുതവുമില്ലെന്ന് ഇതോടെ വ്യക്തമായി.
300 CLUB CAREER ASSISTS FOR LIONEL MESSI 🐐 pic.twitter.com/xG5bOM8W84
— GOAL (@goal) March 11, 2023
ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ പതിമൂന്നു ഗോളുകളും പതിമൂന്നു അസിസ്റ്റുകളുമാണ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നത്. ലീഗിലെ അസിസ്റ്റ് വേട്ടയിൽ താരമാണ് ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം ഇന്നലത്തെ മത്സരം വിജയിച്ച പിഎസ്ജി ലീഗിലെ പോയിന്റ് വ്യത്യാസം വർധിപ്പിച്ചു. പതിനൊന്നു പോയിന്റ് ഇപ്പോൾ രണ്ടാം സ്ഥാനക്കാരായ മാഴ്സയുമായി അവർക്കുണ്ട്. മാഴ്സ ഒരു മത്സരം കുറവാണ് കളിച്ചിരിക്കുന്നത് എന്നതിനാൽ അവർക്ക് പോയിന്റ് വ്യത്യാസം കുറക്കാൻ സാധിക്കും.