
ലോകകപ്പിൽ എതിരാളികൾ പിടികൊടുക്കാത്ത തന്ത്രങ്ങളുമായി സ്കലോണി, അർജന്റീനയുടെ സ്ഥിരം ഫോർമേഷനിൽ മാറ്റം വരുത്തും
ഖത്തർ ലോകകപ്പിൽ ആവശ്യമെന്നു തോന്നിയാൽ തന്റെ സ്ഥിരം ഫോർമേഷനിൽ പരിശീലകനായ ലയണൽ സ്കലോണി മാറ്റം വരുത്തും. നിലവിൽ 4-3-3 എന്ന ഫോർമേഷനിൽ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീന, ടീമിലെ താരങ്ങളുടെ ലഭ്യതയും എതിരാളികളുടെ ശക്തിദൗർബല്യങ്ങളും കണക്കാക്കി 3-5-2 എന്ന ഫോർമേഷനിലേക്ക് മാറുമെന്നാണ് ടൈക് സ്പോർട്ട്സിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തുന്നത്. ഈ ഫോർമേഷനിൽ ടീം നിരവധി തവണ പരിശീലനം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ രണ്ടു സെന്റർ ബാക്കുകളെയാണ് ലയണൽ സ്കലോണി തന്റെ ലൈനപ്പിൽ പരിഗണിക്കാറുള്ളത്. രണ്ടു ഫുൾ ബാക്കുകൾ കൂടി ചേരുന്നതോടെ നാല് താരങ്ങളുള്ള പ്രതിരോധനിരയായി അതു മാറും. എന്നാൽ പ്ലാൻ ബി ലൈനപ്പ് വരുന്നതോടെ മൂന്നു സെന്റർ ബാക്കുകളാണ് ടീമിലുണ്ടാവുക. നിലവിലെ സെന്റർ ബാക്കുകളായ ക്രിസ്റ്റ്യൻ റോമെറോ, നിക്കോളാസ് ഒട്ടമെൻഡി എന്നിവർക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന ലിസാൻഡ്രോ മാർട്ടിനസും പ്രതിരോധനിരയിൽ ചേരും.
പ്ലാൻ ബി ലൈനപ്പിൽ അഞ്ചു താരങ്ങളടങ്ങിയ മധ്യനിരയിൽ രണ്ടു ഫുൾ ബാക്കുകളായി നാഹ്വൽ മോളിന, മാർക്കോസ് അക്യൂന എന്നിവരായിരിക്കും ഉണ്ടാവുക. ഇവർക്കിടയിൽ സ്കലോണിയുടെ സ്ഥിരം മധ്യനിര താരങ്ങളായ ലിയാൻഡ്രോ പരഡെസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ എന്നിവരും കളിക്കും. ഈ ലൈനപ്പിൽ മുന്നേറ്റനിരയിൽ നിന്നും ഡി മരിയ പുറത്തു പോകുമെന്നാണ് പ്രധാനപ്പെട്ട കാര്യം. മെസിയും ലൗടാരോ മാർട്ടിനസുമാണ് ഫോർവേഡുകളായി കളിക്കുക.
(
— All About Argentina) Lionel Scaloni has an option B for the World Cup what is called 3-5-2 — Lisandro, Otamendi, Romero in defense. Squad is prepared for that because Scaloni trained them many times. Of course he will not change the main tactic, but it’s alternative. @gastonedul
pic.twitter.com/m5TsEiIDkS
(@AlbicelesteTalk) October 24, 2022
തന്റെ നിലവിലെ പദ്ധതികൾ മാറ്റാൻ ലയണൽ സ്കലോണിക്ക് യാതൊരു ഉദ്ദേശവും ഇപ്പോഴില്ല. എന്നാൽ താരങ്ങൾക്ക് നിരന്തരം പരിക്കേൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനുള്ള ബദൽ ഫോർമേഷനായാണ് സ്കലോണി ഇതു തയ്യാറാക്കിയിരിക്കുന്നത്. ലോകകപ്പിൽ എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രങ്ങൾ അർജന്റീനയിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ഈ പദ്ധതികൾ വ്യക്തമാക്കുന്നു.