മെസിയും നെയ്മറും അസിസ്റ്റുകൾ വാരിക്കോരി നൽകുമ്പോൾ ഒരു അസിസ്റ്റ് പോലുമില്ലാതെ എംബാപ്പെ, കണക്കുകൾ ഇങ്ങിനെ
ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് പിഎസ്ജി. ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത അവർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നതിനൊപ്പം സീസണിന്റെ തുടക്കത്തിൽ നടന്ന ഫ്രഞ്ച് സൂപ്പർകപ്പിൽ വിജയിച്ച് കിരീടം നേടുകയും ചെയ്തു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ പരിശീലകനും സ്പോർട്ടിങ് ഡയറക്റ്ററുമെത്തി ടീമിൽ അഴിച്ചുപണി നടത്തിയതിന്റെ ഗുണങ്ങൾ പിഎസ്ജിയിൽ കാണാനുണ്ട്.
സീസണിൽ പിഎസ്ജി മികച്ച ഫോമിൽ കുതിക്കുമ്പോൾ അതിനു ശക്തി പകരുന്നത് മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളായ ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്മർ എന്നിവർ തന്നെയാണ്. സീസണിൽ ഇതുവരെ ഇരുപത്തിയേഴു ഗോളുകളാണ് യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളടങ്ങിയ ത്രയം അടിച്ചു കൂട്ടിയിരിക്കുന്നത്. അസിസ്റ്റുകളും കൂടി ചേർക്കുമ്പോൾ നാൽപ്പതിലധികം ഗോളുകളിലാണ് ഈ മൂന്നു താരങ്ങൾ പങ്കു വഹിച്ചിരിക്കുന്നത്.
എംഎൻഎം ത്രയം യൂറോപ്പിൽ മികച്ച പ്രകടനം നടത്തുമ്പോഴും ഗോളുകൾക്ക് അവസരം നൽകുന്ന കാര്യത്തിൽ കിലിയൻ എംബാപ്പെ പുറകോട്ടു പോകുന്നത് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സീസണിൽ മെസിയും നെയ്മറും അസിസ്റ്റുകളുടെ എണ്ണത്തിൽ മത്സരിക്കുമ്പോൾ അവരുടെ പങ്കാളിയായ എംബാപ്പെക്ക് ഒരു അസിസ്റ്റ് പോലും സ്വന്തമായില്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരമാണ് എംബാപ്പയെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം.
Interesting graphic that shows how many assists each of PSG’s front three have provided one another:
— Zach Lowy (@ZachLowy) September 19, 2022
Lionel Messi: 5 assists to Kylian Mbappé
Kylian Mbappé: 0 assists to Neymar pic.twitter.com/jpwqwTgHDc
ഈ സീസണിലെ കണക്കുകൾ എടുത്തു നോക്കുമ്പോൾ മെസി നെയ്മർക്ക് മൂന്ന് അസിസ്റ്റുകളും നെയ്മർ മെസിക്ക് രണ്ട് അസിസ്റ്റുകളുമാണ് നൽകിയിട്ടുള്ളത്. എംബാപ്പെ നേടിയ അഞ്ചു ഗോളുകൾക്ക് മെസി വഴിയൊരുക്കിയപ്പോൾ മൂന്നെണ്ണത്തിന് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു. നെയ്മറും മെസിയും സീസണിൽ എട്ടു വീതം ഗോളുകൾക്ക് അസിസ്റ്റ് നൽകിയപ്പോൾ എംബാപ്പെ ഇതുവരെ ഒരു ഗോളിനു പോലും അസിസ്റ്റ് നൽകിയിട്ടില്ല.
ഈ സീസണിൽ പലപ്പോഴും ആരാധകരുടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് എംബാപ്പെ. സഹകളിക്കാരന് അനായാസം ഗോൾ നേടാൻ അവസരമുള്ളപ്പോഴും പന്ത് കൃത്യമായി നൽകാതെ ഒറ്റക്ക് ഗോളടിക്കാൻ ശ്രമിച്ചതും മികച്ച അവസരങ്ങളിൽ പാസ് നൽകാത്തതുമെല്ലാം ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. എംബാപ്പെ ഒരു ഗോളിനു പോലും അസിസ്റ്റ് നൽകാത്തതും ചൂണ്ടിക്കാണിക്കുന്ന ആരാധകർ സ്വാർത്ഥമനോഭാവം താരം വെടിയണമെന്നും ആവശ്യപ്പെടുന്നുണ്ട്.