എംബാപ്പെ പിഎസ്‌ജിയിൽ നിന്നും പുറത്ത്, അടുത്ത സീസൺ മുഴുവൻ ബെഞ്ചിലിരിക്കാൻ തീരുമാനിച്ച് താരം | Mbappe

ക്ലബിന്റെ ഭാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട എംബാപ്പെ പിഎസ്‌ജിക്കൊരു വലിയ തലവേദനയായി മാറിയിരിക്കുകയാണിപ്പോൾ. 2025 വരെയെങ്കിലും ക്ലബിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ച താരം അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ഈ സമ്മറിൽ തന്നെ എംബാപ്പയെ വിറ്റില്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടമാകുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിട്ടു കൊണ്ടിരിക്കുന്നത്.

എംബാപ്പെ ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബായ റയൽ മാഡ്രിഡ് താരത്തിനായി യാതൊരു നീക്കവും നടത്തുന്നില്ല. അതുകൊണ്ടു തന്നെ താരത്തിന് പിഎസ്‌ജി ക്ലബ് വിടാനുള്ള അന്ത്യശാസനം നൽകിയിട്ടുണ്ട്. ഈ മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ കരാർ പുതുക്കുക അല്ലെങ്കിൽ പിഎസ്‌ജി വിടുക എന്ന തീരുമാനത്തിൽ എത്തണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. കരാർ പുതുക്കാതെ തുടരാനാണ് ഉദ്ദേശമെങ്കിൽ താരത്തെ ബെഞ്ചിലിരുത്താനാണു പിഎസ്‌ജി ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പ്രീ സീസൺ ടൂറിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുമില്ല.

എന്നാൽ തന്നെ ബെഞ്ചിലിരുത്തിയാലും സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയാലും ക്ലബ്ബിനെ വെല്ലുവിളിച്ച് തുടരാനാണ് എംബാപ്പയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം പിഎസ്‌ജി കരുതുന്നത് എംബാപ്പയും റയൽ മാഡ്രിഡും തമ്മിൽ അടുത്ത സമ്മറിൽ സ്‌പാനിഷ്‌ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള കരാറിൽ ഇപ്പോൾ തന്നെ എത്തിയിട്ടുണ്ടെന്നാണ്. 2025 വരെ കരാർ പുതുക്കാൻ സമ്മതിച്ച താരം ക്ലബിനോട് ചെയ്‌ത വലിയ ചതിയായാണ് ഇതിനെ പിഎസ്‌ജി നേതൃത്വം കാണുന്നത്.

എംബാപ്പെക്കെതിരാണ് പിഎസ്‌ജിയുടെ നിലപാടെങ്കിലും അടുത്ത സമ്മർ വരെ താരം ക്ലബിൽ തുടർന്നാൽ വേതനവും ലോയൽറ്റി ബോണസ് അടക്കമുള്ള അനുബന്ധ തുകയുമെല്ലാം പിഎസ്‌ജി നൽകേണ്ടി വരും. ഫ്രഞ്ച് ക്ലബ്ബിനെ സംബന്ധിച്ച് അതൊരു വലിയ തിരിച്ചടിയാണ്. അവർക്ക് ഈ സമ്മറിൽ താരത്തെ വിറ്റ് പരമാവധി തുക നേടിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട ലക്‌ഷ്യം. എന്നാൽ ഇക്കാര്യത്തിൽ എംബാപ്പെ, റയൽ മാഡ്രിഡ് എന്നിവരുടെ നിലപാട് തന്നെയാണ് പ്രധാനം.

Mbappe Ready To Sit Out Entire Next Season