മെസിയുടെ മൂല്യം എംബാപ്പയും മനസിലാക്കി, പിഎസ്ജിയിൽ നിലനിർത്താൻ ശ്രമങ്ങൾ തുടങ്ങി | Lionel Messi
പിഎസ്ജി സൂപ്പർതാരങ്ങളായ ലയണൽ മെസിയും എംബാപ്പയും തമ്മിൽ ലോകകപ്പിന് ശേഷം ഈഗോ പ്രശ്നങ്ങളുണ്ടെന്ന വാർത്ത ശക്തമായി ഉയർന്നു വന്നിരുന്നു. ലോകകപ്പിന് മുൻപ് മെസി, എംബാപ്പെ സഖ്യം പിഎസ്ജിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ലോകകപ്പിന് ശേഷം അതിൽ മാറ്റമുണ്ടായിരുന്നു. ഇതാണ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിനു ശേഷം രണ്ടു താരങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന വാർത്ത ശക്തമാവാൻ കാരണമായത്.
എന്നാലിപ്പോൾ ലയണൽ മെസിയും എംബാപ്പെയും മികച്ച ഒത്തിണക്കമാണ് കളിക്കളത്തിൽ നടത്തുന്നത്. മെസിയുടെ ഗോളുകൾക്ക് എംബാപ്പയും ഫ്രഞ്ച് താരത്തിന്റെ ഗോളുകൾക്ക് ലയണൽ മെസിയും വഴിയൊരുക്കുന്നു. ഇരുവരും ചേർന്ന മുന്നേറ്റനിര കെട്ടുറപ്പുള്ള ഒരു ടീമിലാണ് കളിക്കുന്നതെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇപ്പോഴത്തെ പ്രകടനം വ്യക്തമാക്കുന്നുണ്ട്. മെസിയെ കൂക്കി വിളിച്ച ആരാധകരും അതാസ്വദിക്കുന്നുണ്ട്.
🚨🚨| Kylian Mbappé wants to convince Leo Messi to stay at PSG. The Frenchman believes that Leo still has a lot to do at PSG and he values what the Argentine contributes to Paris. 🇫🇷🇦🇷 [@danigilopez] pic.twitter.com/sLvev2R9EF
— CentreGoals. (@centregoals) April 23, 2023
അതേസമയം ലയണൽ മെസി ഈ സീസണോടെ പിഎസ്ജി വിടാനുള്ള തയ്യാറെടുപ്പിൽ ആണ് നിൽക്കുന്നത്. സീസൺ അവസാനിക്കുമ്പോൾ കരാർ തീരാനിരിക്കുന്ന താരം അത് പുതുക്കാൻ തയ്യാറായിട്ടില്ല. പുതിയ കരാർ നൽകാൻ ഫ്രഞ്ച് ക്ലബ്ബിനെ നേതൃത്വം തയ്യാറാണെങ്കിലും മെസി അതിനു സമ്മതം മൂളിയിട്ടില്ല. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയതിനു ശേഷം ഫ്രഞ്ച് ആരാധകർ എതിരായാണ് മെസി ക്ലബ് വിടാൻ തീരുമാനിക്കാൻ കാരണം.
അതേസമയം മെസി ക്ലബ് വിടരുതെന്നാണ് സഹതാരമായ കിലിയൻ എംബാപ്പെ ആഗ്രഹിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലയണൽ മെസി പിഎസ്ജിക്കായി നൽകിയ സംഭാവനകളെ ഫ്രഞ്ച് താരം വളരെയധികം മതിക്കുന്നുണ്ട്. ഇനിയും ക്ലബിനായി മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിയുമെന്നും എംബാപ്പെ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ക്ലബ് വിടാതെ മെസിയെ പിടിച്ചു നിർത്താൻ താരം ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
മെസിയെപ്പോലൊരു താരത്തിനൊപ്പം കളിച്ചാൽ എംബാപ്പെക്ക് ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുമെന്നതിൽ സംശയമില്ല. ഇത് ബാലൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ താരത്തെ സഹായിക്കുകയും ചെയ്യും. എന്നാൽ നിലവിൽ ഫ്രഞ്ച് ക്ലബിനൊപ്പം തുടരാൻ മെസിക്ക് പദ്ധതിയില്ല. തന്നെ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾ പരാജയപ്പെട്ടാൽ മാത്രമേ മെസി പിഎസ്ജിയുമായി പുതിയ കരാർ ഒപ്പുവെക്കുകയുള്ളൂ.
Mbappe Wants To Convince Lionel Messi To Stay With PSG