നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രതിരോധതാരത്തെ വെളിപ്പെടുത്തി നെയ്മർ
പ്രതിരോധതാരങ്ങൾക്ക് എക്കാലത്തും ഒരു തലവേദനയാണ് പിഎസ്ജിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരമായ നെയ്മർ. ഡ്രിബ്ലിങ്ങിലും മൈതാനത്തെ സ്കില്ലുകളിലും വളരെയധികം മുന്നിട്ടു നിൽക്കുന്ന നെയ്മർ തന്റെ കഴിവുകൾ കൊണ്ട് എതിരാളികളെ മൈതാനത്ത് നാണം കെടുത്തിയ സംഭവങ്ങൾ നിരവധി തവണയുണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ പലപ്പോഴും എതിരാളികൾ നെയ്മർക്കു നേരെ വാക്കേറ്റവും കായികപരമായ കയ്യേറ്റവും നടത്തുന്നതും മത്സരങ്ങൾക്കിടെ കണ്ടിട്ടുണ്ട്.
അസാമാന്യമായ സ്കില്ലുകൾ കാണിക്കാൻ കഴിവുള്ളതു കൊണ്ടു തന്നെ നെയ്മർക്കു നേരെ വരാൻ പ്രതിരോധതാരങ്ങൾ മടിക്കുമ്പോൾ താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഡിഫൻഡർ ആരാണെന്ന് നെയ്മർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. വിർജിൽ വാൻ ഡൈക്ക്, സെർജിയോ റാമോസ് തുടങ്ങി സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങൾക്കെതിരെ ഇറങ്ങിയിട്ടുണ്ടെങ്കിലും താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഡിഫൻഡറായി നെയ്മർ തിരഞ്ഞെടുത്തത് മാഞ്ചസ്റ്റർ സിറ്റി താരം കെയ്ൽ വാക്കറെയാണ്.
“കെയ്ൽ വാക്കറാണത്. കാരണം വേഗതയും കരുത്തും ബുദ്ധികൂർമതയും അവനുണ്ട്.” നെയ്മർ ഡിഎസെഡ്എന്നിനോട് പറഞ്ഞു. അതിനു പുറമെ രണ്ടു ഡിഫെൻഡർമാരെ പറയാൻ ആവശ്യപ്പെട്ടപ്പോൾ റയൽ മാഡ്രിഡ് താരം അന്റോണിയോ റുഡിഗർ, ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക് എന്നിവരെയാണ് ബ്രസീലിയൻ താരം തിരഞ്ഞെടുത്തത്.
Not many defenders give Neymar sleepless nights the way Kyle Walker does.
— Sports Brief (@sportsbriefcom) September 10, 2022
Neymar is one of the best dribblers the game has ever seen and it is always difficult to go up against him,https://t.co/QG55iw1wcs
“ഉള്ളിൽ ഭയമുണ്ടാക്കുന്ന ഒരു സെന്റർ ബാക്കാണ് റുഡിഗർ. കരുത്തും വലിപ്പവും അവനുണ്ട്. ചില മുന്നേറ്റനിര താരങ്ങൾ ഭയപ്പെടാറുണ്ട്. വാൻ ഡൈക്കിനെതിരെ കളിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്, കരുത്തും ബുദ്ധിയും താരത്തിൽ ഒത്തു ചേർന്നിരിക്കുന്നു. എപ്പോഴാണ് അരികിലേക്ക് വരേണ്ടതെന്നും ടാക്കിൾ ചെയ്യേണ്ടതെന്നും താരത്തിനറിയാം, അത് എതിരാളികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.” നെയ്മർ പറഞ്ഞു.
അതേസമയം ഈ സീസണിൽ ലീഗ് വണിലെ പ്രതിരോധ താരങ്ങൾക്ക് നെയ്മർ വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫ്രഞ്ച് സൂപ്പർകപ്പിൽ നേടിയതടക്കം ഈ സീസണിൽ പത്തു ഗോളുകൾ നേടിയ നെയ്മർ അതിനു പുറമെ ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നെയ്മർ കളിക്കുന്നത് ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾക്കും ചിറകു നൽകുന്നു.