“ലയണൽ മെസിയും സംഘവും കാരണം കാറിലിരുന്ന് പൊട്ടിക്കരഞ്ഞു, മൂന്നു ദിവസം അസുഖമായിരുന്നു”- വെളിപ്പെടുത്തലുമായി പാട്രിസ് എവ്റ | Qatar World Cup
ഖത്തർ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു. എൺപതു മിനുട്ട് വരെയും അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പിന്നീട് ഫ്രാൻസ് തിരിച്ചു വരികയും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം നേടുകയുമായിരുന്നു. ആദ്യം അർജന്റീന ആരാധകർ വിജയം ഉറപ്പിക്കുകയും പിന്നീട് ഫ്രാൻസ് ആരാധകർ സന്തോഷത്തിൽ ആറാടുകയും ചെയ്ത ഫൈനൽ കണ്ട ഒരാളും അത് മറക്കാനുള്ള സാധ്യതയില്ല.
അതേസമയം ആ ഫൈനൽ തനിക്ക് ഏറ്റവും മോശം അനുഭവമാണ് നൽകിയതെന്നാണ് ഫ്രാന്സിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും മുൻ താരമായ പാട്രിസ് എവ്റ കഴിഞ്ഞ ദിവസം പറഞ്ഞത്. ഫ്രാൻസ് ആരാധകനെന്ന നിലയിൽ ആ തോൽവിയുടെ ഭാരം താങ്ങാൻ കഴിയാതെ താൻ കരഞ്ഞുവെന്നും മൂന്നു ദിവസത്തോളം തനിക്ക് അസുഖമായിരുന്നുവെന്നും താരം പറഞ്ഞു. ഫൈനലിൽ ഹാട്രിക്ക് നേടിയ കിലിയൻ എംബാപ്പയുടെ പ്രകടനത്തെയും താരം പ്രശംസിച്ചു.
Patrice Evra on the World Cup final: “I watched the game live and I cried. I did not expect that. The France-Argentina, I tell you the truth, I went in my car and I cried. For three days I was ill.” @RMCsport 🗣️🇫🇷 pic.twitter.com/xJ5exhVxqX
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 30, 2023
“ഞാൻ മത്സരം തത്സമയം കാണുകയും അതിനു ശേഷം കരയുകയും ചെയ്തു. ഞാനത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഞാൻ സത്യം പറയാം. ഞാനെന്റെ കാറിനുള്ളിൽ പോയി കരയുകയായിരുന്നു. മൂന്നു ദിവസം എനിക്കതിന്റെ വേദനയുണ്ടായിരുന്നു. ഫ്രാൻസ് ടീമിനെ സ്നേഹിക്കുന്നുവെന്ന് ഞാൻ എന്നോട് തന്നെ പറന്നു, എങ്കിലും അത് സൃഷ്ടിച്ച വേദന വളരെയധികമായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഫ്രാൻസ് അഭിനന്ദനം അർഹിക്കുന്നു.”
“എംബാപ്പെ മത്സരത്തിൽ ഒരു ഹാട്രിക്കാണ് നേടിയത്. ലോകകപ്പ് ഫൈനലിൽ മൂന്നു ഗോളുകൾ നേടിയിട്ടും വിജയിക്കാൻ കഴിയാതിരിക്കുന്നത് അവിശ്വനീയമായ കാര്യമാണ്.” മത്സരത്തെക്കുറിച്ച് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ എവ്റ പറഞ്ഞു.
അതേസമയം എവ്റയുടെ വാക്കുകളെ മെസി ആരാധകർ കളിയാക്കുന്നുണ്ട്. എല്ലാ കാലത്തും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മെസിക്കെതിരെ നിലകൊണ്ടിട്ടുള്ള താരമാണ് എവ്റ. ഫ്രാൻസിന്റെ തോൽവി എന്നതിനേക്കാൾ മെസി ലോകകപ്പ് നേടിയതാണ് എവ്റയെ കൂടുതൽ സങ്കടപ്പെടുത്തിയിട്ടുണ്ടാവുകയെന്നാണ് ആരാധകർ പറയുന്നത്. Patrice Evra Says He Cried After Watching Argentina vs France World Cup Final