
“ഫുട്ബോളിലെ ഏറ്റവും മികച്ച താരം, അവനെതിരെ കളിക്കേണ്ട ബുദ്ധിമുട്ട് ഒഴിവായതിൽ സന്തോഷം”- മെസിയെക്കുറിച്ച് റാമോസ്
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ഒരു അപൂർവമായ കാര്യം കൂടിയാണ് അവിടെ സംഭവിച്ചത്. സ്പെയിനിലെ ചിരവൈരികളായ രണ്ടു ക്ലബുകളായ ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും മുൻ നായകന്മാർ ഒരുമിച്ചൊരു ക്ലബിനു വേണ്ടി കളിച്ചു. നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്ന ലയണൽ മെസിയും റാമോസുമാണ് പിഎസ്ജിയിൽ ഒരുമിച്ചത്.
കഴിഞ്ഞ സീസൺ റാമോസിനും മെസിക്കും അത്ര മികച്ചതായിരുന്നില്ല. റാമോസിന് പരിക്ക് കാരണവും ലയണൽ മെസിക്ക് ഫ്രഞ്ച് ലീഗുമായും പുതിയ ക്ലബുമായും പൊരുത്തപ്പെടാൻ കഴിയാത്തതു കാരണവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഈ സീസണിൽ അതിനു മാറ്റമുണ്ടായി. ലയണൽ മെസി പിഎസ്ജിക്കായി ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കുമ്പോൾ സെർജിയോ റാമോസ് പരിക്കിൽ നിന്നും മുക്തനായി പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമാണ്.

കഴിഞ്ഞ ദിവസം ലയണൽ മെസിയെക്കുറിച്ച് പിഎസ്ജി ടിവിയോട് സംസാരിക്കെ രസകരമായ രീതിയിലാണ് റാമോസ് പ്രതികരിച്ചത്. “ലയണൽ മെസിക്കെതിരെ കളിക്കുകയെന്നത് നിരവധി വർഷങ്ങളായി അനുഭവിച്ച ബുദ്ധിമുട്ട് തന്നെയായിരുന്നു. ഇപ്പോൾ ഞാൻ താരത്തെ വളരെയധികം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ഫുട്ബോളിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച താരമാണ് ലയണൽ മെസി.” റാമോസ് പറഞ്ഞു.
— PSG Chief (@psg_chief) February 3, 2023
Sergio Ramos on PSG tv :
“There was suffering for several years playing against Messi. I am now enjoying him. He is the best player football has ever produced.”#PSGpic.twitter.com/ZY27zieD4r
മെസിക്ക് തുല്യമെന്ന് വിശേഷിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം നിരവധി വർഷങ്ങൾ കളിച്ചിട്ടുള്ള താരമാണ് റാമോസ്. റൊണാൾഡോയാണ് മികച്ചതെന്ന് മുൻപ് വെളിപ്പെടുത്തിയിട്ടുള്ള റാമോസ് ഇപ്പോൾ കളം മാറ്റിചവുട്ടി മെസിയുടെ പക്ഷത്തേക്ക് പോയിട്ടുണ്ട്. എന്നാൽ ഇതാദ്യമായല്ല റാമോസ് മെസിയെ പ്രശംസിക്കുന്നത്. കളിക്കളത്തിൽ എതിരാളികളായിരുന്ന സമയത്തും മെസിയെ പ്രശംസിച്ച് റാമോസ് സംസാരിച്ചിട്ടുണ്ട്.